തിരുവനന്തപുരം: ശാസ്ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ച ക്രമസമാധാന രംഗത്തും പ്രയോജനപ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാതല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.  പൊലീസ് സേനയുടെ പ്രൊഫഷണലിസം വര്‍ധിപ്പിക്കുന്നതിനു വിവിധ നടപടികള്‍ ഇതിനോടകം സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.  കാട്ടാക്കട, വര്‍ക്കല ഡിവൈ.എസ്.പി. ഓഫിസുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തു പുതുതായി നിര്‍മിക്കുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളും കൂടുതല്‍ ജനസൗഹാര്‍ദവും പരിസ്ഥിതി സൗഹാര്‍ദവുമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.  പൊലീസ് സബ് ഡിവിഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനായതു ക്രമസമാധാന രംഗത്തെ വലിയ നേട്ടമാണ്.  കൂടുതല്‍ സബ് ഡിവിഷനുകള്‍ വരുന്നതോടെ നിരീക്ഷണവും ഏകോപനവും കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിളപ്പില്‍ശാല, മാറനല്ലൂര്‍, മലയിന്‍കീഴ്, നെയ്യാര്‍ഡാം, കാട്ടാക്കട, ആര്യങ്കോട്, നരുവാമൂട് പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തിയാണു കാട്ടാക്കട സബ് ഡിവിഷന്‍ രൂപീകരിച്ചത്.  വര്‍ക്കല, അയിരൂര്‍, കല്ലമ്പലം, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, പള്ളിക്കല്‍, കിളിമാനൂര്‍ പോലീസ് സ്റ്റേഷനുകളാണ് വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു കീഴില്‍ വരിക.
കാട്ടാക്കട ഡിവൈ.എസ്.പി. ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ ഐ.ബി സതീഷ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.  പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് സനല്‍ കുമാര്‍, ഡിവൈ.എസ്.പിമാരായ ഉമേഷ് കുമാര്‍, ഷാജി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു. വര്‍ക്കലയില്‍ നടന്ന ചടങ്ങില്‍ വി. ജോയി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.എം ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, ചെറുന്നിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശശികല, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ബി ഗോപകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.