തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ വിവിധ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതു വിദ്യാലയങ്ങളെല്ലാം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഉന്നതവിദ്യാഭ്യാസരംഗത്തും സമൂലമായ മാറ്റം കൊണ്ടുവരും. ഇതിലൂടെ ഹയര്‍ സെക്കന്‍ഡറിക്ക് ശേഷം വ്യത്യസ്തമായ കോഴ്സുകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയില്‍ മാറ്റമുണ്ടാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഒരു ഹബ്ബാക്കിമാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ പഠനത്തിനായി മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തും. ലോകത്തെ ശ്രേഷ്ഠമായ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ നമ്മുടെ പൊതുവിദ്യാലയങ്ങളെ മാറ്റാന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഗവ.എച്ച്.എസ്. അവനവഞ്ചേരി, ഗവ.എച്ച്. എസ്.എസ്. കുളത്തൂര്‍ എന്നിവിടങ്ങളില്‍ കിഫ്ബി 3 കോടി രൂപ വീതം ചെലവഴിച്ചാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്.
ഗവ.എല്‍.പി.എസ്. എരിച്ചല്ലൂര്‍, ജെ.ബി.എസ്. നെയ്യാറ്റിന്‍കര, ജി.വി.എച്ച്.എസ്.എസ് കുളത്തൂര്‍, എന്‍.കെ.എം.ജി.എച്ച്.എസ്.എസ് ധനുവച്ചപുരം, ഗവ.വി.എച്ച്.എസ്.എസ്. പാറശ്ശാല, ഗവ.എച്ച്.എസ്.എസ്. കവലയൂര്‍, ഗവ.എല്‍.പി.എസ്. കൊല്ലായില്‍, ജി.ടി.യു.പി.എസ്. കിളിമാനൂര്‍, ഗവ.യു.പി.എസ്. ഇടവിളാകം, ഗവ.യു.പി.എസ്. കിഴുവിലം,ഗവ.എല്‍.പി.എസ് തോന്നയ്ക്കല്‍ എന്നിവിടങ്ങളില്‍ കെട്ടിട്ടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് പ്ലാന്‍ ഫണ്ട് വിനിയോഗിച്ചാണ്.
ജില്ലയില്‍ വിവിധ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി പുതുതായി നിര്‍മിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഗവ.എല്‍.പി.എസ്. ആനാട്, ഗവ.എച്ച്.എസ്. ജവഹര്‍ കോളനി, ഗവ.എച്ച്.എസ്. മടത്തറക്കാണി, ഗവ.എച്ച്.എസ്.എസ്. കുളത്തുമ്മല്‍, ഗവ.വി.എച്ച്.എസ്.എസ്. വീരണകാവ്, ഗവ.എച്ച്.എസ്.എസ്. ആനാവൂര്‍, എന്‍.കെ.എം.ജി.എച്ച്.എസ്.എസ്. ധനുവച്ചപുരം, ഗവ.എച്ച്.എസ്.എസ്. കീഴാറൂര്‍, ഗവ.എച്ച്.എസ്.എസ്. നെടുവേലി, ജി.ടി.ടി.ഐ. മണക്കാട്, ജി.ടി.വി. എച്ച്.എസ്.എസ്. ചാല, ജി.എച്ച്.എസ്. വാഴമുട്ടം കിഫ്ബിയില്‍ നിന്നും അനുവദിച്ച ഒരുകോടി രൂപ വീതം ചെലവഴിച്ചാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക.
പ്ലാന്‍ ഫണ്ടിനു പുറമെ മറ്റ് ഫണ്ടുകളും സ്‌കൂളുകളുടെ നവീകരണത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഗവ. എച്ച്.എസ്. ജവഹര്‍ കോളനി, ഗവ. യു.പി.എസ് വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസ് വര്‍ക്കല, ഗവ. എല്‍.പി.എസ് നാവായിക്കുളം, ഗവ.എച്ച്.എസ്.എസ്. ചെറുന്നിയൂര്‍ ഗവ.എച്ച്.എസ്. കണ്ടല, ഗവ.യു.പി.എസ് റസ്സല്‍പുരം, ഗവ.എച്ച്.എസ്.എസ് പൂവച്ചല്‍, ഗവ. എച്ച്.എസ് ശ്രീകാര്യം, ഗവ.യു.പി.എസ് പാറയ്ക്കല്‍, ഗവ.എല്‍.പി.എസ് ചേങ്കോട്ടുകോണം, ഗവ.എല്‍പിഎസ്. പാട്ടത്തില്‍ എന്നിവിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുക വിവിധ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയാണ്.
ഗവ.എച്ച്.എസ്.എസ്. വെട്ടൂര്‍, ഗവ.എച്ച്.എസ്.എസ്. തൊളിക്കോട്, എസ്.എന്‍.വി.ജി.എച്ച്.എസ്.എസ്. കടയ്ക്കാവൂര്‍, ഗവ.വിഎച്ച്.എസ്.എസ്. കോട്ടുകാല്‍ എന്നിവിടങ്ങളിലെ നവീകരിച്ച ലാബുകളുടെ ഉദ്ഘാടനവും വര്‍ക്കല ഗവ.മോഡല്‍ എച്ച്.എസ്.എസില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം. ലാജി അധ്യക്ഷനായിരുന്നു. വി ജോയി എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. അജയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിജി ആര്‍.വി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജിനി മന്‍സാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിഥിന്‍ നായര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.