കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാമ്പ്ര ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സര്‍ക്കാര്‍ ആശുപത്രിയിലും കുടുംബ ഡോക്ടര്‍മാര്‍ ഉണ്ടാകണമെന്നാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നത്. ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കും. താലൂക്ക് ആശുപത്രികളേയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റും. ഘട്ടം ഘട്ടമായി കുടുംബ ഡോക്ടര്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍.
സംസ്ഥാനത്ത് സഹകരണ മേഖലയുടെ ശക്തിക്കനുസൃതമായി സഹകരണ ആശുപത്രികള്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ പോലെ തന്നെ സഹകരണ ആശുപത്രികളേയും മെച്ചപ്പെടുത്താന്‍ സഹകരണ രംഗം മുന്നോട്ട് വരണം. കൂടുതല്‍ സഹകരണ ആശുപത്രികള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. പെയിന്‍ ആന്റ് പാലിയേറ്റീവ് രംഗത്തും സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൈാച്ചി ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍ മധു എസ് നായര്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ എം.എല്‍.എമാരായ പി.വിശ്വന്‍, കെ.കുഞ്ഞാമദ്, എ.കെ പത്മനാഭന്‍ മാസ്റ്റര്‍, ടി.കെ ലോഹിതാക്ഷന്‍, സെക്രട്ടറി സി.റജി തുടങ്ങിയവര്‍ സംസാരിച്ചു.