കാക്കനാട്: ടാറിങ്ങ്, റോഡിനു കുറുകെ കേബിള്‍ വലിക്കല്‍, പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയ റോഡ് ഉപരിതല പുതുക്കല്‍ പ്രവൃത്തികള്‍ക്ക് ആഗസ്റ്റ് 15 വരെ നിരോധനം ഏര്‍പ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴക്കാലപൂര്‍വ്വ കരുതല്‍ നടപടികളുടെ ഭാഗമായി റോഡുകളിലും പാലങ്ങളിലും സ്വീകരിക്കാനുള്ള നടപടികള്‍ സംബന്ധിച്ച് കലക്ടറേറ്റ് പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൊതുമരാമത്തു വകുപ്പ് ഉത്തര മദ്ധ്യമേഖല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മ്മാണ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്ത് കരാര്‍ ഉറപ്പിക്കാന്‍ ഈ കാലയളവ് ഫലപ്രദമായി വിനിയോഗിക്കാം. റോഡിലെ കുഴികള്‍ അടക്കുന്നതു പോലെയുള്ള അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. മഴക്കാലത്ത് റോഡുകള്‍ തകരുന്നത് തടയാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം. കാടുപിടിച്ചു കിടക്കുന്ന ചെറുതും വലുതുമായ എല്ലാ പാലങ്ങളും മഴക്കുമുമ്പ് വൃത്തിയാക്കണം. കൈവരികളും നന്നാക്കണം. ഓടകളിലെ മാലിന്യങ്ങള്‍ നീക്കി വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പു വരുത്തണം.
പൊതുമരാമത്ത് വകുപ്പിന്റെ റോഡില്‍ ഇനി മുതല്‍ ഒരു അനധികൃത കൈയേറ്റവും അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. നിലവിലുളള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
നവംബറോടുകൂടി ദേശീയപാത വികസന പ്രവൃത്തികള്‍ തുടങ്ങാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥലമെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്കയകറ്റും. ഇക്കാര്യത്തില്‍ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും.
തീരദേശ മലയോര ഹൈവേ നിര്‍മാണത്തില്‍ നബാര്‍ഡിന്റെ സഹകരണം ഉറപ്പുവരുത്താനും പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2019 ഓടെ സഞ്ചാരയോഗ്യമല്ലാത്ത ഒരു റോഡു പോലും ഇല്ലാത്ത വിധത്തില്‍ സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. ഇക്കാര്യത്തില്‍ പുനഃപരിശോധനയിലൂടെ മാറ്റങ്ങള്‍ വരുത്താനും ഏറ്റവും പുതിയ കേടുപാടുകള്‍ പോലും രേഖപ്പെടുത്തി ഫയല്‍ സൂക്ഷിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ 3000 പാലങ്ങളില്‍ പുതുക്കിപ്പണിയേണ്ടവ 400 എണ്ണമാണ്. അതില്‍ 162 എണ്ണം പുനര്‍ നിര്‍മിക്കാനുള്ളതാണ്. ഇതില്‍ 38 എണ്ണത്തിന് ഭരണാനുമതി ലഭിക്കുകയും ആറെണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
സര്‍ക്കാര്‍ റസ്റ്റ്ഹൗസുകളുടെ ശോച്യാവസ്ഥ പരമാവധി പരിഹരിക്കാന്‍ കഴിഞ്ഞു. ഇക്കാര്യത്തില്‍ നഗരങ്ങളിലെ ചിട്ടയായ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് റസ്റ്റ് ഹൗസുകള്‍ക്കുള്ളത്. അവ വേണ്ട വിധത്തില്‍ സംരക്ഷിക്കപ്പെടണം. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 80% ത്തോളം റസ്റ്റ് ഹൗസുകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. റസ്റ്റ് ഹൗസുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി തട്ടിയെടുക്കാന്‍ ഗൂഢ ശ്രമം നടക്കുന്നുണ്ട്. റസ്റ്റ് ഹൗസുകളുടെ ആസ്തികള്‍ സംരക്ഷിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിലെ പ്രവര്‍ത്തികള്‍ക്കുള്ള അനാവശ്യ കാലതാമസം ഒഴിവാക്കണം. കെ.എസ്.ടി.പി കൂടുതല്‍ ജനസൗഹൃദമായി പ്രവര്‍ത്തിക്കണം. പുതിയ അറിവുകള്‍ പങ്കുവെക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും എല്ലാ മാസവും ഒരു സെമിനാര്‍ എങ്കിലും സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പഠനം, ഗവേഷണം, ചര്‍ച്ച എന്നിവയിലൂടെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും യന്ത്രങ്ങളെക്കുറിച്ചുമുള്ള അറിവുകള്‍ പങ്കുവെക്കാനാകും. എന്‍ജിനീയര്‍മാര്‍ക്ക് ഇതു വളരെയധികം പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ചീഫ് എഞ്ചിനീയര്‍ പി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയര്‍ എം.എന്‍. ജീവരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡി. മധു മതി, ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ സുരേഷ് കുമാര്‍, ഹൈദ്രു, ത്രിവിക്രമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.