കോഴിക്കോട്: പേരാമ്പ്ര ബസ് സ്റ്റാന്റ് നവീകരണ നിർമ്മാണോദ്ഘാടനം തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും സൗകര്യപ്പെടുന്ന രീതിയിലായിരിക്കും ബസ് സ്റ്റാന്റിന്റെ നിർമ്മാണമെന്ന് മന്ത്രി പറഞ്ഞു. ഓട്ടോക്കാർക്ക് സുഖമമായി സർവീസ് നടത്തുന്നതിനുള്ള സൗകര്യം ഉണ്ടാവും. നിലവിലുള്ള സൗകര്യങ്ങൾ എല്ലാം നിലനിർത്തി നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

എം എൽ എ ആസ്തിവികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിലാണ് നവീകരണം. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് അധ്യക്ഷനായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു മുഖ്യാതിഥിയായി. പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം റീന, ജില്ലാ പഞ്ചായത്ത്  മെമ്പർ സി എം ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി കെ കെ , ഗ്രാമപഞ്ചായത്ത് മെമ്പർ ജോന പി, ദീപ പി വി, ഒ മനോജ്, എ കെ പത്മനാഭൻ മാസ്റ്റർ, കെ കുഞ്ഞമ്മദ് മാസ്റ്റർ മറ്റു രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു.