ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപികരിച്ചു. പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ ഇടുക്കിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയുടെ പൊതുവായ വികസനം ലക്ഷ്യം വച്ച് ജില്ലക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. കൃഷി, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ഹൈഡല്‍ ടൂറിസം, കായിക വിനോദം തുടങ്ങി വിവിധ മേഖലകളിലൂടെ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് പദ്ധതികള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.

ഇടുക്കി പാക്കേജ് പ്രഖ്യാപനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 ന് കട്ടപ്പനയിലെത്തും. പാക്കേജ് പ്രഖ്യാപനത്തിന് മുന്നോടിയായിട്ടാണ് സ്വാഗത സംഘം രൂപികരിച്ചത്. വൈദ്യുതി മന്ത്രി എംഎം മണി മുഖ്യരക്ഷാധികാരിയായും, ഡീന്‍ കുര്യാക്കോസ് എംപിയെ ഉപരക്ഷാധികാരി ആയും യോഗത്തില്‍ തീരുമാനിച്ചു. റോഷി അഗസ്റ്റിന്‍ എംഎല്‍എ ചെയര്‍മാനായും, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ കണ്‍വീനറായും തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീന ജോബി എന്നിവരെ വൈസ് ചെയര്‍പേഴ്‌ണായും, ജോയിന്റ് കണ്‍വീനറായി സി.വി വര്‍ഗ്ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു. സ്‌റ്റേജ്, ഫുഡ്, മെഡിക്കല്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളെയും യോഗത്തില്‍ തെരഞ്ഞെടുത്തു.

കട്ടപ്പന മര്‍ച്ചന്റ്‌ അസ്സോസ്സിയേഷന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ റോഷി അഗസ്റ്റിന്‍, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലപ്പ്, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാഅദ്ധ്യക്ഷന്‍ സി.വി വര്‍ഗ്ഗീസ്, കട്ടപ്പന മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബീനാ ജോബി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.