തൃശ്ശൂർ:കോവിഡ് മഹാമാരിയുടെ ആഘാതം ലഘൂകരിക്കാന്‍ സംസ്ഥാനത്തിന് മൃഗസംരക്ഷണ ക്ഷീരമേഖല കൈതാങ്ങായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. കോവിഡ് അതിജീവിച്ച് പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തതയും കന്നുകാലി സമ്പത്തില്‍ കാര്യമായ വര്‍ധനവും കൈവരിക്കുവാനായി. മണ്ണുത്തി കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ വിവിധ കേന്ദ്രങ്ങള്‍ ഓന്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജുകളുടെ മാതൃകയില്‍ ഇരുപത്തി നാല് മണിക്കൂറും കര്‍ഷകര്‍ക്ക് സേവനം ലഭ്യമാവുന്ന തരത്തില്‍ മൃഗാശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. ഉല്പന്ന വൈവിധ്യവല്‍ക്കരണത്തിലൂടെ കര്‍ഷകരുടെ വരുമാനം കൂട്ടാനും സൗഹൃദമായ സാങ്കേതിക വിദ്യകള്‍ ജനകീയവല്‍ക്കരിക്കുവാനും കൂട്ടായ ശ്രമങ്ങളുണ്ടാകണം. വയനാട് ആസ്ഥാനമാക്കിയുള്ള പശ്ചിമഘട്ട വന്യജീവി ഗവേഷണ ഗോത്രക്ഷേമ സ്ഥാപനം മനുഷ്യനും വന്യജീവികളും തമ്മിലുള്ള പാരസ്പര്യം നിലനിര്‍ത്തുന്നതിനും കൃഷിയെ ഹനിക്കാത്ത വിധത്തില്‍ ജീവികളുമായുള്ള പാരസ്പര്യം മുന്നോട്ടു കൊണ്ടു പോകുന്നതിനും പുത്തന്‍ ഗവേഷണങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവ. ചീഫ്വിപ്പ് കെ രാജന്‍ അധ്യക്ഷനായി. വെറ്ററിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. ആര്‍.ശശീന്ദ്രനാഥ് സ്വാഗതവും രജിസ്ട്രാര്‍ ഡോ. പി. സുധീര്‍ ബാബു നന്ദിയും പറഞ്ഞു.
