തൃശ്ശൂർ: സംസ്ഥാന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു വേണ്ടി ചാവക്കാട് നഗരസഭ ഓട്ടിസം സെന്റർ ഒരുക്കുന്നു. ചാവക്കാട് ബി ആർ സിയുടെ പരിധിയിൽ വിവിധ വിദ്യാലയങ്ങളിലായി ഭിന്നശേഷിക്കാരായ നിരവധി വിദ്യാർത്ഥികളുണ്ട്. അവരിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിച്ച 17 കുട്ടികളാണുള്ളത്. ക്ലാസ് റൂം പരിധിയിലും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലുമുപരി ഇവർക്ക് പ്രത്യേക പരിശീലനം ആവശ്യമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് സമഗ്ര ശിക്ഷാ കേരളം പദ്ധതിയിലുൾപ്പെടുത്തി ഓട്ടിസം സെന്റർ ആരംഭിക്കാൻ തീരുമാനിച്ചത്. ഭിന്നശേഷിക്കാർക്ക് വേണ്ട വിവിധ തെറാപ്പികളും ഇവിടെ നടത്താനാകും. തിരുവത്ര കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിൽ ആരംഭിക്കുന്ന ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ കെ വി അബ്ദുൽ ഖാദർ എംഎൽഎ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി ടി റഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്താഖ് അലി, നഗരസഭാ വൈസ് ചെയർമാൻ കെ കെ  മുബാറക്, കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേകാട് എന്നീ പഞ്ചായത്ത് പ്രതിനിധികൾ, ചാവക്കാട് ബി ആർ സി ട്രെയിനർ പി എസ് ഷൈജു, ടി എസ് അജിത എന്നിവർ പങ്കെടുത്തു.