തൃശ്ശൂർ: കാർഷിക മേഖലയിൽ ഒല്ലൂർ വലിയ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ നടത്തിയതെന്ന് ചീഫ് വിപ്പ് അഡ്വ കെ.രാജൻ പറഞ്ഞു.
ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ കുംഭ വിത്ത് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി അധ്യക്ഷനായി. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ഒല്ലൂര്‍ കൃഷി സമൃതിയുടേയും ആത്മ തൃശൂരിന്റെയും ആഭിമുഖ്യത്തിലാണ് കുംഭ വിത്ത് മേള സംഘടിപ്പിച്ചത്.കേരളത്തിന്റെ തനത് കര്‍ഷിക സംസ്‌കൃതിയില്‍, കുംഭമാസം കിഴങ്ങുവര്‍ഗ്ഗവിളകളുടെ പ്രധാന്യം ഉള്‍ക്കൊണ്ട്, വിവിധങ്ങളായ കിഴങ്ങുവര്‍ഗ്ഗവിളകളെ പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും അവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനുമാണ് കുംഭ വിത്ത് മേള സംഘടിപ്പിച്ചത്.ഒല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാള്‍ പരിസരത്ത് ആരംഭിച്ച കുംഭ വിത്ത് മേള ഫെബ്രുവരി 21ന് അവസാനിക്കും. ഉദ്ഘാടന പരിപാടിയിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി സി സത്യവര്‍മ്മ, കൃഷി ശാസ്ത്രജ്ഞർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.