തിരുമാന്നാംകുന്നിലും ഗുരുവായൂരിലും ഇനി കലകളുടെ മാമാങ്കം

പ്രാദേശിക കലകളുടെ പ്രോത്സാഹനം ലക്ഷ്യം: ചീഫ് വിപ്പ് കെ രാജൻ

തൃശ്ശൂർ: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കലയുടെ മാമാങ്കരാവുകൾ വീണ്ടുമുണർന്നു. ടൂറിസം വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ഉത്സവ’ത്തിന് ജില്ലയിൽ ശനിയാഴ്ച തിരി തെളിഞ്ഞു. ജില്ലയിൽ മൂർക്കനിക്കര തിരുമാന്നാംകുന്ന് ക്ഷേത്രപരിസരത്തും ഗുരുവായൂർ ഇഎംഎസ് ചത്വരത്തിലുമാണ് ഉത്സവം 2021 സംഘടിപ്പിച്ചിരിക്കുന്നത്.മൂർക്കനിക്കര തിരുമാന്നാംകുന്നിൽ നടക്കുന്ന ഉത്സവം 2021 ഗവ ചീഫ് വിപ്പ് കെ രാജൻ ഉദ്ഘാടനം ചെയ്തു. അന്യം നിന്ന് പോകുന്ന കലകളെ പ്രാദേശികമായി പ്രോത്സാഹിപ്പിക്കുകയാണ് ഉത്സവം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചീഫ് വിപ്പ് കെ രാജൻ അഭിപ്രായപ്പെട്ടു. ഗുരുവായൂരിൽ നടന്ന ചടങ്ങ് കെ വി അബ്ദുൾ ഖാദർ എംഎൽഎയും ഉദ്‌ഘാടനം ചെയ്തു.

അന്യം നിന്നു പോകുന്ന കലാരൂപങ്ങളെ ചേർത്താണു ടൂറിസം വകുപ്പ് ഉത്സവം 2021 നടത്തുന്നത്. 26 വരെയാണ് ഉത്സവം നടത്തുന്നത്. രണ്ട് വേദികളിലായി വൈകീട്ട് 6 മുതൽ 9 വരെയാണ് കലാരൂപങ്ങളുടെ അവതരണം. മൂർക്കനിക്കരയിലെ ഏഴുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ചവിട്ടുനാടകം, കോൽക്കളി, പൂരക്കളി, പുള്ളുവൻ പാട്ട്, വേലകളി, പടയണി, ഓട്ടൻതുള്ളൽ, തായമ്പക, തെയ്യം, തോറ്റംപാട്ട് തുടങ്ങി നിരവധി കലാരൂപങ്ങൾ അരങ്ങേറും. ഉദ്ഘാടനച്ചടങ്ങിൽ നടൻ ടി ജി രവി വിശിഷ്ടാതിഥിയായി. പുള്ളുവൻ പാട്ട് കലാകാരി അംബുജാക്ഷി,മുടിയേറ്റ് കലാകാരി ഡോ ബിന്ദു പാഴുർ എന്നിവരെ ആദരിച്ചു. ഡി പി സി സെക്രട്ടറി ഡോ. എ കവിത, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഉത്സവം പരിപാടിയിലെ തൃശൂരിലെ സ്ഥിരം വേദിയാണ് ഗുരുവായൂർ. ഏഴുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ചവിട്ടുനാടകം, കോൽക്കളി, പൂരക്കളി, പുള്ളുവൻ പാട്ട്, വേലകളി, പടയണി, ഓട്ടൻതുള്ളൽ, തായമ്പക, തെയ്യം, തോറ്റംപാട്ട് തുടങ്ങി നിരവധി കലാരൂപങ്ങളാണ് അരങ്ങേറുന്നത്. ശനിയാഴ്ച ചിമ്മാനക്കളി, പടയണി എന്നീ കലകളാണ് അരങ്ങേറിയത്. ചിമ്മാനക്കളിയുടെ ആശാനായ കെ കുമാരൻ, പടയണിയുടെ ആശാൻ ടി ആർ വിഷ്ണു എന്നിവരെ കെ വി അബ്ദുൽഖാദർ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ പി രാധാകൃഷ്ണപിള്ള, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എ എം ഷെഫീർ, ഷൈലജ സുധൻ, നഗരസഭ ഉദ്യോഗസ്ഥൻ മുഹാസ്, കൗൺസിലർ ദേവിക, ഡിടിപിസി പ്രോഗ്രാം ഇൻചാർജ് രഞ്ജിനി അനിലൻ എന്നിവർ പങ്കെടുത്തു.