പാലക്കാട് ജില്ലയില്‍ ഏഴ് ഘട്ടങ്ങളിലായി സഹകരണ ബാങ്കുകള്‍ വഴി 66493 കോടി ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തതായി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എം.കെ. ബാബു അറിയിച്ചു.ക്ഷേമ പെന്‍ഷനുകള്‍ ജനങ്ങളിലേക്ക് കുടിശ്ശികയില്ലാതെ നേരിട്ട് എത്തിക്കുകയെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യാന്‍ ആരംഭിച്ചത്.
2016 മുതല്‍ 2018 ഏപ്രില്‍ വരെ ഏഴ് ഘട്ടങ്ങളിലായാണ് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തത്. 102 സഹകരണ സംഘങ്ങള്‍ വഴി 1500ലധികം ഏജന്റുമാരെ ഉപയോഗിച്ചാണ് വിതരണം നടത്തിയത്. വിതരണം ചെയ്യുന്ന പെന്‍ഷന്‍ യഥാര്‍ഥ ഗുണഭോക്താക്കളില്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ സഹകരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ കേരള വിഷന്‍ (ഐ.കെ.എം) ടീമും മോണിറ്ററിങ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. നിക്ഷേപം 13,600 കോടിയായി വര്‍ധിച്ചു.2018 ജനുവരി 10 മുതല്‍ മാര്‍ച്ച് 31വരെ നടത്തിയ സഹകരണ ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തിലൂടെ 1178 കോടി രൂപ അംഗങ്ങളില്‍ നിന്നും സമാഹരിച്ചു. ഇതിലൂടെ ജില്ലയിലെ സഹകരണ ബാങ്കുകളുടെ നിക്ഷേപം 13,600 കോടിയായി ഉയര്‍ന്നു. 72 സഹകരണ സംഘങ്ങള്‍ വഴി വിവിധ പദ്ധതികള്‍ ധനസഹായമായി 890.39 ലക്ഷവും സംയോജിത സഹകരണ വികസന പദ്ധതി്ക്കായി (ഐ.സി.ഡി.പി) ജില്ലാ സഹകരണ ബാങ്ക് വഴി 976.35 ലക്ഷം രൂപയും നല്‍കി.
കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 1061 പേര്‍ക്കായി ജൂണ്‍ 2017 മുതല്‍ ഫെബ്രുവരി 2018 വരെ 6,20,84,912 രൂപ 33 സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്തു. ഇതിനായി മൂന്ന് സഹകരണ സംഘങ്ങള്‍ വഴി 30 കോടി ഇതിനായി രൂപവത്കരിച്ച കണ്‍സോര്‍ഷത്തിലേക്ക് നല്‍കി. രണ്ടാം ഘട്ടത്തില്‍ 1020 പേര്‍ക്ക് മാര്‍ച്ചില്‍ പെന്‍ഷന്‍ കുടിശ്ശികയായി 1,54,74,005 രൂപയും വിഷുവിന് മുന്‍പായി നല്‍കി. ഇതിനായി 10 സംഘങ്ങള്‍ 60 കോടിയാണ് കണ്‍സോര്‍ഷത്തിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.2018 ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31വരെ നടപ്പാക്കിയ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 396.84 കോടി പിരിച്ചെടുത്തു. പദ്ധതിയുടെ ഭാഗമായ കുടിശ്ശികക്കാര്‍ക്ക് 8.90 കോടി വിട്ട് നല്‍കുകയും ചെയ്തു. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതിനും വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കിയത്.