ശിലാഫലകം അനാച്ഛാദനവും  നിര്‍വഹിച്ചു

തൃശ്ശൂർ: ഗ്രാമ പഞ്ചായത്തുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവണമെന്നും കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഇത്തരത്തിൽ സൗകര്യമൊരുക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കടവല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും പഞ്ചായത്ത് ഗ്രൗണ്ട് നിർമാണ ഉദ്ഘാടനവും ചൊവ്വന്നൂർ ബ്ലോക്കിലെ ലിങ്കേജ് വായ്പയെടുത്ത കുടുംബശ്രീകൾക്കുള്ള ബ്ലോക്ക് തല പലിശ സബ്സിഡിയുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം വികസന രംഗത്ത് ഒട്ടേറെ മാറ്റങ്ങളുണ്ടായി. ഇതിനു തുടർച്ച വേണം. ജനകീയമായ ഇടപെടലുകളിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്.എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നടത്തിയതിനാൽ സമയബന്ധിതമായി എല്ലാം സമർപ്പിക്കാനായി എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കടവല്ലൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാൽ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രഭാത് മുല്ലപ്പിള്ളി, ജയകുമാർ, സെക്രട്ടറി ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 95 ലക്ഷം രൂപ ചിലവഴിച്ചാണ് പഞ്ചായത്തിന് പുതിയ കെട്ടിടം നിർമിക്കുന്നത്. 31 ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രൗണ്ട് നിർമാണം നടത്തുന്നത്.