തൃശ്ശൂർ: സുഭിക്ഷ നഗരം പദ്ധതിയുടെയും ആത്മയുടെയും ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിച്ച കുംഭ വിത്ത് മേള കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഉത്സവങ്ങളുടെ ഭാഗമായി കാർഷിക മേളയും സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പറഞ്ഞു. നഗരവാസികൾ പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തരാകണമെന്നും ഓരോ അടുക്കള തോട്ടത്തിലും കിഴങ്ങ് വർഗ വിളകൾ ഉൾപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ഒളരിക്കര ഭഗവതി ക്ഷേത്രം മൈതാനത്തിൽ നടന്ന മേളയിൽ കർഷകരും സംരംഭകരും പങ്കാളികളായി. ഭക്ഷ്യസുരക്ഷയ്ക്ക് കിഴങ്ങുവർഗങ്ങൾക്കുള്ള പ്രാധാന്യം ഉൾക്കൊണ്ട്, കിഴങ്ങുവർഗവിളകളുടെ വിളവെടുപ്പ്, വിത്ത് സംഭരണം, നടീൽ എന്നിവയ്ക്ക് അനുയോജ്യമായ കുംഭമാസത്തിൽ വിവിധയിനങ്ങളായ കിഴങ്ങുവർഗങ്ങൾ പരിചയപ്പെടുത്തുക, സംരക്ഷിക്കുക, ഇവ കൂടുതൽ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കുംഭ മേള സംഘടിപ്പിച്ചത്.

മതിലകം അഗ്രോ സർവീസ് സെന്റർ, പാണഞ്ചേരി സ്റ്റേറ്റ് സീഡ് ഫാം, കേരള കാർഷിക സർവകലാശാല, അയ്യന്തോൾ കർഷക സമിതി, മണ്ണുത്തി സ്റ്റേറ്റ് ബയോ കൺട്രോൾ ലാബ് എന്നിവയുടെ സ്റ്റാളുകൾ മേളയുടെ ഭാഗമായി. വെള്ളാനിക്കര എൻ ബി പി ജി ആർ ഗവേഷണ കേന്ദ്രത്തിലെ ഫാർമർ കസ്റ്റോഡിയൻ വിനോദ് ഇ ആറിന്റെ 120 ഇന കിഴങ്ങ് വർഗവിളകളുടെ പ്രദർശനവും വില്പനയും മേളയുടെ ഭാഗമായി. വിവിധയിനം കിഴങ്ങുകൾ, അരി ഇനങ്ങൾ, നടീൽ വസ്തുക്കൾ, ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും മേളയിൽ ഒരുക്കി. പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി കെ എസ് പദ്ധതി വിശദീകരിച്ചു.

കിഴങ്ങുവർഗ്ഗവിളകൾ- ഭൂമിക്കടിയിലെ അക്ഷയ നിധി എന്ന വിഷയത്തിൽ വിനോദ് ഇ ആർ ക്ലാസ് നയിച്ചു. മേളയുടെ ഭാഗമായി കാർഷിക പ്രശ്നോത്തരിയും സംഘടിപ്പിച്ചു.ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വാർഡ് കൗൺസിലർ ശ്രീലാൽ ശ്രീധർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി,
കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ കെ സരസ്വതി, അസിസ്റ്റന്റ് ഡയറക്ടർമാരായ പി ഉണ്ണിരാജൻ, സത്യവർമ പി സി, ആത്മ പ്രൊജക്റ്റ്‌ ഡയറക്ടർ മാത്യു ഉമ്മൻ, അയ്യന്തോൾ കൃഷി ഓഫീസർ ശരത് മോഹൻ പി പി തുടങ്ങിയവർ പങ്കെടുത്തു.