തൃശ്ശൂർ: കുന്നംകുളം നഗരസഭ ഇ.കെ. നായനാര്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിലേക്കുള്ള പ്രധാന പ്രവേശന വഴിയായ പുതിയ ഹെര്‍ബര്‍ട്ട് റോഡിന്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, പ്രിയ സജീഷ്, പി കെ ഷബീര്‍, ടി സോമശേഖരന്‍, നഗരസഭ സെക്രട്ടറി ടി കെ സുജിത്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹെര്‍ബര്‍ട്ട് റോഡ് ആധുനികവല്‍ക്കരിക്കുന്നതിനും ഇതിലൂടെയുള്ള ബസ് ഗതാഗതം സുഗമമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്റെ 2019 -2020 ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 99 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മിച്ചിട്ടുള്ളത്. ഗുരുവായൂര്‍ റോഡില്‍ നിന്ന് താഴേക്ക് നിര്‍ദ്ദിഷ്ട ബസ് സ്റ്റാന്‍ഡ്, ടൗണ്‍ ഹാള്‍ എന്നിവയുടെ മുന്‍പിലൂടെയാണ് ആധുനിക രീതിയില്‍ നിര്‍മിച്ച റോഡ് കടന്നു പോകുന്നത്.