പത്തനംതിട്ട: 2024 ഓടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. തിരുവല്ല – ചങ്ങനാശേരി കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായുള്ള പാക്കേജ് – 1, 2 പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം തിരുമൂലപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 13 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ പുതിയതായി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാലു ലക്ഷത്തോളം പുതിയ വാട്ടര്‍ കണക്ഷന്‍ മാത്രമാണു നല്‍കിയിരുന്നത്. ജലഗുണം പരിശോധിക്കാന്‍ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഈ സര്‍ക്കാര്‍ ജലഗുണ പരിശോധനാ ലാബുകള്‍ ആരംഭിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 58 കോടി രൂപയ്ക്കാണ് തിരുവല്ല – ചങ്ങനാശേരി നഗര കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.

നഗരത്തില്‍ 24 മണിക്കൂറും ജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് തിരുവല്ല – ചങ്ങനാശ്ശേരി നഗര കുടിവെള്ള പദ്ധതിയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു. പദ്ധതിയുടെ പാക്കേജ് ഒന്നില്‍ തിരുവല്ല, കല്ലിശ്ശേരി ജലശുദ്ധീകരണ ശാലകളുടെ നവീകരണവും കല്ലിശ്ശേരി ജല ശുദ്ധീകരണ ശാലയുടെ വിപുലീകരണവും പാക്കേജ് – രണ്ടില്‍ തിരുമൂലപുരത്ത് 15 ലക്ഷം ലിറ്റര്‍ ഉന്നതതല ജലസംഭരണിയും, തിരുവല്ല ഓഫീസ് കോമ്പൗണ്ടില്‍ 22 ലക്ഷം ലിറ്റര്‍ ഉന്നതതല സംഭരണിയും ഓഫീസ് സമുച്ചയവും എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ജനങ്ങള്‍ക്ക് ഇന്നാവശ്യമുള്ള കാര്യങ്ങള്‍ പണം ഉണ്ടാകുന്നതുവരെ കാത്തിരിക്കാന്‍ സാധിക്കില്ല. ഇന്ന് ആവശ്യമുള്ളത് ഇന്ന് തന്നെ നടത്തണം. ദശാബ്ദങ്ങള്‍ കാത്തിരുന്ന് കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ല. ആവശ്യങ്ങള്‍ അപ്പോള്‍ തന്നെ നടപ്പാക്കുക എന്നതാണ് കിഫ്ബിയിലൂടെ ലക്ഷ്യമിടുന്നതെന്നും എംഎല്‍എ പറഞ്ഞു.