ശാസ്ത്ര ചരിത്രത്തിന്റെ ഘടകങ്ങള്‍ ഏകോപിപ്പിക്കും: മുഖ്യമന്ത്രി

തൃശ്ശൂർ: ശാസ്ത്ര അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി കേരള ഡവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന മഴവില്ല് ടീച്ച് സയന്‍സ് ഫോര്‍ കേരള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര പഠനവും അന്വേഷണവും നടത്താനുള്ള പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും ശാസ്ത്ര ചരിത്രത്തിന്റെ ഘടകങ്ങളെ ഏകോപിപ്പിക്കാന്‍ പരിപാടിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂര്‍ കെ.എഫ്.ആര്‍.ഐ, പാലക്കാട് ഐ.ആര്‍.ടി.സി, ഗവ.ബ്രണ്ണന്‍ കോളേജ് എന്നിവയാണ് മഴവില്ല് പദ്ധതിയിലെ ആദ്യഘട്ട പങ്കാളികള്‍. സംസ്ഥാനതല ചടങ്ങില്‍ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രി എ.സി മൊയ്ദീന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിയെ പാഠപുസ്തകമാക്കി അന്വേഷണങ്ങള്‍ നടത്താനും നവീന ആശയങ്ങള്‍ പങ്കുവെയ്ക്കാനും അവസരം നല്‍കുന്നതാണ് പരിപാടി.

ശാസ്ത്ര ചിന്ത, പ്രായോഗികത, നവ അന്വേഷണങ്ങള്‍ തുടങ്ങിയവ വിവിധ തലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലിക്കാം. പരിസ്ഥിതി, കൃഷി, ബഹിരാകാശം തുടങ്ങിയ മേഖലകളെ തിരഞ്ഞെടുത്ത് പഠനം നടത്താനും ഗവേഷണം ചെയ്യാനും അവസരമുണ്ട്. ജില്ലയില്‍ പരിസ്ഥിതി, കൃഷി എന്നീ മേഖലകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ അവസരമുണ്ടാകുക. പീച്ചി വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ 50 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പഠനം നടത്താനായി അവസരം നല്‍കുന്നത്. പാണാഞ്ചേരി പഞ്ചായത്തിലെ 12 മുതല്‍ 17 വരെയുള്ള വാര്‍ഡുകളിലെ ആറാംക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള 50 വിദ്യാര്‍ത്ഥികളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ ഇവര്‍ക്കുള്ള ക്ലാസുകള്‍ തുടങ്ങും.

പീച്ചി വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ജില്ലാതല ഉദ്ഘാടനം പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. റിസര്‍ച്ച് കോ- ഓര്‍ഡിനേറ്റര്‍ ഡോ.ടി.വി സജീവ് പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികളായ ജലജന്‍ ,അജിത, ഷൈജു, ബീന, പ്രോഗ്രാം എക്‌സിക്യൂട്ടീവ് രാജശ്രീ എം.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.