മന്ത്രി എ.കെ. ബാലൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു
സംസ്ഥാന സർക്കാരിന്റെ വനിതാശാക്തീകരണ കാഴ്ചപ്പാടിൽ കെ.എസ്.എഫ്.ഡി.സി നിർമിച്ച ‘ഡിവോഴ്സ്’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനം നടന്നു. സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു.
കാശില്ലാത്തതിനാൽ സിനിമാമേഖലയിൽ തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാൻ സാധിക്കാത്ത പ്രതിഭകൾക്ക് ആശ്വാസം നൽകുന്ന പുതിയ സംരംഭമാണിതെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. രണ്ടു വനിതാസംവിധായകർക്കാണ് ഒന്നരക്കോടി രൂപ വീതം സിനിമാ നിർമാണത്തിന് അനുവദിച്ചത്. താരാ രാമാനുജം ‘നിഷിദ്ധം’, മിനി ഐ.ജിയുടെ ‘ഡിവോഴ്സ്’ എന്നിവയാണിത്. ഇതിൽ മിനി ഐ.ജി സംവിധാനം ചെയ്ത ‘ഡിവോഴ്സി’ന്റെ പ്രദർശനോദ്ഘാടനമാണ് നടക്കുന്നത്. ഇതുകൂടാതെ പട്ടികവിഭാഗ സംവിധായകർക്ക് മൂന്നുകോടി രൂപ രണ്ടു സംവിധായകർക്ക് നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് സൃഷ്ടിച്ച വല്ലാത്ത അവസ്ഥമൂലം ചലച്ചിത്രമേഖല ഒരു വർഷത്തോളമായി പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്. ഇതൊന്നും ഒരു പ്രശ്നമല്ല എന്ന രീതിയിലുള്ള പെരുമാറ്റവും സമൂഹത്തിൽ കണ്ടുവരുന്നുണ്ട്. എന്നാൽ നിയന്ത്രണത്തിന് വിധേയമായി ജീവിക്കുക എന്നതാണ് മാർഗം. ഇതുപ്രകാരമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഐ.എഫ്.എഫ്.കെ നാലു കേന്ദ്രങ്ങളിലായി നല്ല നിലയിൽ നടത്തുന്നത്. ഇതിൽ വിവാദങ്ങളുണ്ടാക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും ആരും അതു പൊതുവിൽ സ്വീകരിച്ചിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട് നിർമാണം, പ്രദർശനം തുടങ്ങിയവയിൽ കുറച്ചു ഇളവുകൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ സെക്കൻഡ് ഷോ വേണെമന്ന ആവശ്യമുയർന്നത് മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കും. എന്നാൽ പഴയ രൂപത്തിലേക്ക് അടുത്ത കാലത്തൊന്നും പോകാൻ കഴിയില്ലെന്നത് നാം മനസിലാക്കണം.
പ്രോട്ടോക്കോൾ പ്രകാരം ജീവിച്ചാൽ ഒരു പ്രശ്നവുമുണ്ടാകില്ല.
കോവിഡ് വ്യാപനത്തിനെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നുമുണ്ടാകരുത്. അതിനെതിരായ സന്ദേശം നൽകാൻ മാധ്യമങ്ങൾക്കുമാകണം.
ഒരു കാലത്ത് അടിസ്ഥാന വിഭാഗത്തിന് നേരിടേണ്ടിവന്ന പ്രയാസങ്ങൾ പ്രത്യേകം വിശദീകരിക്കേണ്ട കാര്യമില്ല. വിഗതകുമാരനിലെ നായിക പി.കെ റോസിക്ക് സിനിമയിൽ അഭിനയിച്ചതുകൊണ്ടു നേരിടേണ്ടിവന്ന വിഷമതകളും പരിഹാസവും നമ്മുടെ സാംസ്‌കാരിക ലോകത്തെ കറുത്ത പാടാണ്. എസ്.സി-എസ്.ടി ഫണ്ടുപയോഗിച്ച് പട്ടികവിഭാഗങ്ങളിലും മറ്റു പിന്നാക്കവിഭാഗങ്ങളിലുംപെട്ട ഉദ്യോഗാർഥികൾക്ക് അഞ്ചരക്കോടി ചെലവിൽ പി.കെ റോസിയുടെ പേരിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പണിതു. നവോത്ഥാന നായകരുടെ പേരിൽ ഓരോ ജില്ലയിലും സാംസ്‌കാരിക നിലയങ്ങൾ നിർമിച്ചുവരികയാണ്. ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനത്തിന് മഹാനടൻ സത്യൻ പേരിൽ മന്ദിരം നിർമിച്ചു. ഗ്രാമപ്രദേശങ്ങളിൽ അന്യം നിന്നുപോയ തീയറ്ററുകൾ തിരികെക്കൊണ്ടുവരികയാണ്.
ചിത്രാഞ്ജലി സ്റ്റുഡിയോ നൂറുകോടി ചെലവിൽ നവീകരിക്കുകയാണ്. ഇത്തരത്തിൽ നിരവധി പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നുണ്ടെങ്കിലും ഇവ തമസ്‌കരിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. ‘ഡിവോഴ്സ്’ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
കൗൺസിലർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, എം.ഡി എൻ. മായ, വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ, ആസൂത്രണ ബോർഡ് അംഗം കെ.എൻ. ഹരിലാൽ, കെ.എസ്.എഫ്.ഡി.സി ഭരണസമിതിയംഗം മധുപാൽ, സാംസ്‌കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.