ആലപ്പുഴ: ഒരു എച്ച്.പി മുതല്‍ 20 എച്ച്.പി ശേഷിയുള്ള മോട്ടോര്‍ തറകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദിവസ കൂലി 625 രൂപയായും 21 എച്ച്.പി മുതല്‍ 30 എച്ച്.പി വരെ ശേഷിയുള്ള മോട്ടോര്‍ തറകളില്‍ തൊഴിലാളികളുടെ ദിവസക്കൂലി 655 രൂപയായും 30 എച്ച്.പിക്ക് മുകളില്‍ ശേഷിയുള്ള മോട്ടോര്‍ തറകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂലി 675 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. കൂലി നിരക്കുകള്‍ കൊല്ലവര്‍ഷം 1194ലെ പുഞ്ചകൃഷി മുതല്‍ കൊല്ലവര്‍ഷം 1196 ലെ പുഞ്ചകൃഷി വരെ ബാധകമാണ്. 2019 ജനുവരി 5ന് നടന്ന കുട്ടനാട് വ്യവസായ സമിതി യോഗത്തിലുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥപ്രകാരമാണ് കൂലി നിശ്ചയിച്ചിട്ടുള്ളത്. മറ്റ് ചെലവുകള്‍ക്കായി മോട്ടോര്‍ തറകളിലെ തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന ചെലവുകള്‍ മുന്‍ കാലങ്ങളിലേതുപോലെ തുടരും. പമ്പിങ് തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും.

നെല്ല് ചുമട്ടുകൂലി നിരക്കുകള്‍

50 മീറ്റര്‍ ദൂരപരിധിയ്ക്കുള്ളില്‍ നെല്ല് ചാക്കില്‍ നിറച്ച് തൂക്കി വള്ളത്തില്‍ കയറ്റുന്നതിനുള്ള കൂലി ക്വന്റലിന് 85 രൂപയായി നിശ്ചയിച്ചു. 50 മീറ്റര്‍ ദൂരം കഴിഞ്ഞ് അധികമായി വരുന്ന ഓരോ 25 മീറ്ററിനും അഞ്ച് രൂപയായി നിലനിര്‍ത്തി. കളങ്ങളില്‍ നിന്ന് നെല്ല് ചാക്കില്‍ നിറച്ച് ചാക്ക് തുന്നി, തൂക്കി നേരിട്ട് ലോറിയില്‍ കയറ്റി കൊടുക്കുന്നതിന് ക്വിന്റലിന് 110 രൂപയാക്കി. കടവുകളില്‍ നിന്ന് നെല്ല് ലോറിയില്‍ കയറ്റുന്നതിന് ക്വിന്റലിന് 35 രൂപയായി വര്‍ധിപ്പിച്ചു. റോഡില്‍ നിന്നും നേരിട്ട് ലോറിയില്‍ കയറ്റുന്നതിന് ക്വിന്റലിന് 35 രൂപയായി നിശ്ചയിച്ചു. ചാക്കുകളില്‍ നെല്ല് 50 കിലോയായി നിജപ്പെടുത്തി നിറയ്‌ക്കേണ്ടതാണ്. അധികഭാരം ഒഴിവാക്കേണ്ടതാണ്.

മറ്റ് കൂലി നിരക്കുകള്‍

പുരുഷ തൊഴിലാളികള്‍ക്ക് പ്രതിദിനം 700 രൂപയും സ്ത്രീ തൊഴിലാളികള്‍ക്ക് 400 രൂപയും വിത, വളമിടല്‍ ഒരു ഏക്കറിന് 450 രൂപയും മരുന്നടി നടീലിന് മുമ്പ് ഒരു ഏക്കറിന് 375 രൂപയും മരുന്നടി നടീലിന് ശേഷം ഒരു ഏക്കറിന് 450 രൂപയും, മരുന്ന് തളിക്കുന്നതിന് ഒരു കുറ്റിയ്ക്ക് (നടീലിന് മുമ്പ് )55 രൂപയും, മരുന്ന് തളിക്കുന്നതിന് ഒരു കുറ്റിയ്ക്ക് (നടീലിന് ശേഷം)60 രൂപയുമാണ്.