പുന്നപ്ര തെക്ക് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ റോഡുകൾ, പാലങ്ങൾ, ആശുപത്രി കെട്ടിടങ്ങൾ എന്നിവയുടെ വികസനത്തിനായി പൊതുമരാമത്ത് വകുപ്പ് മൂവായിരം കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം മികച്ച രീതിയിൽ പ്രവർത്തിച്ചതിനാലാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. സ്ത്രീകളും കുട്ടികളുമാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമാണ് പുന്നപ്രയിലേത്. താലൂക്കിലെ ഏറ്റവുമധികം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് തീരമേഖലയിലാണെന്നും മന്ത്രി പറഞ്ഞു.

പുന്നപ്ര തെക്ക് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോൾ രണ്ട് ഡോക്ടർമാർ, ഒൻപത് മണി മുതൽ ഒുന്നു വരെയും, ഒന്ന് മുതൽ ആറ് മണി വരെയും രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും. പുതിയ ലാബ്, കോൺഫറൻസ് ഹാൾ, ഓഫീസ് കെട്ടിടം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള റസ്റ്റ് റൂം എന്നിവ നിർമിച്ചു. ജീവനക്കാരുടെ എണ്ണവും വർധിപ്പിച്ചു. പുതുതായി തസ്തിക സൃഷ്ടിച്ച് രണ്ട് ഫാർമസിസ്റ്റുകളെയും നിയമിച്ചു. ശ്വാസ്- ആശ്വാസ് ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു. ജീവിതശൈലി രോഗങ്ങൾക്കുള്ള ക്ലിനിക് ചൊവ്വ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ഷീജ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.പി. ആന്റണി, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, എൻ.എച്ച്.എം. ജില്ലാ കോഡിനേറ്റർ ഡോ. ആർ. രാധാകൃഷ്ണൻ, ഡോ. കാരൽ പിൻഹെയ്റോ തുടങ്ങിയവർ പങ്കെടുത്തു.