തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലകൂടാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍ കൊണ്ടാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍.   ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സംസ്ഥാനത്ത് തടയാന്‍ സാധിച്ചത് സര്‍ക്കാരിന്റെ നേട്ടമാണെന്നും മന്ത്രി.  കോവിഡ്  പ്രതിസന്ധിക്കിടയിലും എല്ലാമാസവും കൃത്യമായി ഭക്ഷ്യകിറ്റ് നല്‍കിയതിലൂടെ സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കില്ല എന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കാന്‍ സാധിച്ചു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ആധുനിക സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും സംസ്ഥാനത്ത് കൂടുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. പൂവച്ചല്‍, പന്നിയോട് എന്നിവിടങ്ങളില്‍ ആരംഭിച്ച സപ്ലൈകോയുടെ മാവേലി  സൂപ്പര്‍മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂവച്ചലില്‍ നേരത്തെ ഉണ്ടായിരുന്ന മാവേലിസ്റ്റോറിനെ പുതിയ കെട്ടിടത്തിലേക്ക് സൂപ്പര്‍മാര്‍ക്കെറ്റ് ആയി മാറ്റുകയും പന്നിയോട് പുതിയ സൂപ്പര്‍മാര്‍ക്കെറ്റ് ആരംഭിക്കുകയുമാണ് ചെയ്തത്.  ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന സൗകര്യങ്ങളും ഗുണമേന്മയും  മാവേലി സൂപ്പര്‍ സ്റ്റോറുകളിലും ലഭ്യമാണ്.  അത്തരത്തിലുള്ളതാണ് പൂവച്ചലും പന്നിയോടും ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റുകള്‍. ഇതോടെ പൂവച്ചല്‍ പഞ്ചായത്തില്‍ മാത്രം സപ്ലൈകോയുടെ  നാലു  സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൂവച്ചലില്‍ നടന്ന ചടങ്ങില്‍ പൂവച്ചല്‍  പഞ്ചായത്ത് പ്രസിഡന്റ് ടി.സനല്‍കുമാറും പന്നിയോട് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സൗമ്യ ജോസും അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, സപ്ലൈകോ ജീവനക്കാര്‍, പൊതുജനങ്ങള്‍  തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.