ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രദര്‍ശനത്തിന് തലശ്ശേരിയില്‍ തുടക്കമായപ്പോള്‍  കൊവിഡിനെതിരെ എല്ലാ പഴുതുകളും അടച്ചു കൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയത്. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സന്ദര്‍ശകര്‍ക്ക് മേളയില്‍ പ്രവേശനം. മേളയുടെ ഒന്നാം ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സിനിമാ പ്രേമികള്‍ തലശ്ശേരിയില്‍ എത്തിച്ചേര്‍ന്നു. കൊവിഡ് ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും സിനിമയോടുള്ള ആവേശം ആ ഭീതിയെ മറികടന്ന കാഴ്ചയാണുണ്ടായത്.

മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തി സുരക്ഷ ഉറപ്പ് വരുത്തി മാത്രമാണ് പ്രവേശനം അനുവദിച്ചത്. പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ ഐഡന്റിറ്റി കാര്‍ഡുകളും കിറ്റുകളും നല്‍കിയുള്ളൂ. ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് തലശ്ശേരിയില്‍ ഒരുക്കിയത്. തലശ്ശേരി ടൗണ്‍ ഹാളില്‍ ഫെബ്രുവരി 21ാം തീയതി ആരംഭിച്ച കൊവിഡ് ടെസ്റ്റ് ഇന്നലെ (ഫെബ്രുവരി 23) വൈകിട്ട് വരെ നടന്നു.

നാല് കൗണ്ടറുകളാണ് ടെസ്റ്റിനായി സജ്ജീകരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയിലെ ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു ഡോക്ടര്‍, രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഡാറ്റ എന്‍ട്രിക്കായി അക്ഷയ കേന്ദ്രത്തിലെ നാല് ജീവനക്കാര്‍ എന്നിവരുടെ സേവനം കേന്ദ്രത്തില്‍ ഉറപ്പ് വരുത്തിയിരുന്നു. കേന്ദ്രത്തിന്റെ റിസപ്ഷന്‍ കൗണ്ടറില്‍ ആരോഗ്യ വകുപ്പിന്റെ ഫോമില്‍ പേര് വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷമാണ് ടെസ്റ്റിനായി കടത്തി വിട്ടത്. ഇതിനായി അഞ്ച് ടേബിളുകളിലായി 15 വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിച്ചു. രാവിലെ ഒന്‍പത് മണിക്ക്  ആരംഭിച്ച പരിശോധനയ്ക്ക് പത്ത് പേരെ ഒന്നിച്ച് മുറിയിലേക്ക് കയറ്റിവിടത്തക്ക രീതിയിലായിരുന്നു സജ്ജീകരണങ്ങള്‍.

പരിശോധനക്ക് ശേഷം റിസള്‍ട്ടിനായി കാത്തിരിക്കാന്‍ പ്രത്യേകം മുറിയും കുടിവെള്ളമുള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇത്തരത്തില്‍ ഒരു മണിക്കൂറില്‍ 100 പേര്‍ക്ക് പരിശോധന നടത്താനുള്ള സാഹചര്യമൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. 20 മിനുട്ട് കൊണ്ട് റിസള്‍ട്ടും ലഭ്യമാക്കി. കൊവിഡ് പോസിറ്റീവ് കേസുകള്‍ വിരലില്‍ എണ്ണാവുന്ന എണ്ണം മാത്രമേയുള്ളൂവെന്നും എത്തിച്ചേര്‍ന്ന ജനങ്ങളുടെ ഭാഗത്തു നിന്ന് നല്ല സഹകരണം ലഭിച്ചെന്നും അധികൃതര്‍ പറഞ്ഞു. പരിശോധന ആരംഭിച്ച ഫെബ്രുവരി 21 ന് മാത്രമാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പി എന്‍ സി/905/2021