മലപ്പുറം:  സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പൊന്നാനി നഗരസഭയിലെ പുഴമ്പ്രം കല്ലിക്കട അംബേദ്കർ കോളനിയിൽ നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണ ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷണൻ നിർവഹിച്ചു.
സ്പീക്കറുടെ നിർദേശ പ്രകാരം തെരഞ്ഞെടുത്ത  പൊന്നാനി മണ്ഡലത്തിലെ ഏറ്റവും വലിയ പട്ടികജാതി കോളനികളിലൊന്നായ കല്ലിക്കട കോളനിയിൽ നിവാസികളുടെ ചിരകാല സ്വപ്നങ്ങളായ റോഡുകൾ, പതിറ്റാണ്ടുകളായി വാടക കെട്ടിടങ്ങളിൽ കഴിഞ്ഞിരുന്ന അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം, സാംസ്കാരിക കേന്ദ്രത്തോടൊപ്പം തൊഴിൽ പരിശീലന കേന്ദ്രവുമെല്ലാം അംബേദ്കർ ഗ്രാമം പദ്ധതിയിലൂടെ യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രവാസി വ്യവസായിയായ കോമരത്ത് കൃഷ്ണൻ സൗജന്യമായി പൊന്നാനി നഗരസഭക്ക് വിട്ടുനൽകിയ സ്ഥലത്താണ് അങ്കണവാടി കെട്ടിടവും അംബേദ്കർ സാംസ്കാരിക കേന്ദ്രവും നിർമിച്ചിരിക്കുന്നത്. ചടങ്ങിൽ സ്ഥലം വിട്ടുനൽകിയ കോമരത്ത് കൃഷ്ണനെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പൊന്നാടായണിയിച്ച് നഗരസഭയുടെ ഉപഹാരം നൽകി.
 നഗരസഭ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. ചടങ്ങിൽ സി.പി.മുഹമ്മദ് കുഞ്ഞി , രജീഷ് ഊപ്പാല, വി.രഞ്ജിനി, ടി.ദാമോദരൻ, എ അബ്ദുറഹിമാൻ, ചക്കൂത്ത് രവീന്ദ്രൻ, ടി.വിമല, എം.കമലം, ഫിലിപ്, ജിൻഷ, എം ഷൺമുഖൻ, റീത്ത ,നഗരസഭാ പട്ടിക ജാതി വികസന ഓഫീസർ പി.കെ അശോകൻ തുടങ്ങിയവർ സംസാരിച്ചു.