വിമോചന സമരകാലത്തെ മാനസികാവസ്ഥയിലേക്ക് കേരളത്തിലെ മാധ്യമങ്ങള്‍ മാറുകയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.  ഇരുപത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തലശ്ശേരി പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രചരിപ്പിച്ച്  വല്ലാതാക്കുകയാണ് മാധ്യമങ്ങളെന്നും ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്ത സര്‍ക്കാറിനെ അവഹേളിച്ച് ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ എന്ന പ്രതീതിയാണ് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇന്നേ വരെ ഒരു സര്‍ക്കാരിനും ചിന്തിക്കാന്‍ കഴിയാത്ത തരത്തിലാണ് സാംസ്‌കാരിക മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയവും നിപ്പയും കൊവിഡും വന്ന് മൂടിയിട്ടും അന്ധാളിക്കാതെ ഒപ്പം ഉണ്ട് എന്ന് കേരള ജനതയോട്  പറയാന്‍ ഈ സര്‍ക്കാറല്ലാതെ ആരും ഉണ്ടായിരുന്നില്ലെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. എല്ലാ ജില്ലകളിലും സാംസ്‌കാരിക നായകരുടെ പേരില്‍ 50 കോടി രൂപ മുതല്‍ 65 കോടി രൂപ വരെ ചെലവാക്കി സാംസ്‌കാരിക നിലയങ്ങള്‍ നിര്‍മ്മിക്കുന്നത് സര്‍ക്കാറിന്റെ നിലപാടിന്റെ ഭാഗമായാണ്.
വിഗതകുമാരനിലെ അഭിനേത്രിയും അധസ്ഥിത വിഭാഗത്തിലെ ജ്വലിക്കുന്ന നക്ഷത്രവുമായ പി.കെ റോസിയുടെ പേരില്‍ നിര്‍മ്മിച്ച വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, അഭിനേതാക്കളായ സത്യന്‍, നസീര്‍ തുടങ്ങി നിരവധി പേരുടെ സ്മാരകങ്ങള്‍ എന്നിവയെല്ലാം ഈ സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്. മന്ത്രി പറഞ്ഞു.ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പ് ചരിത്ര സംഭവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘാടക സമിതി ചെയര്‍മാന്‍ എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കേട്ടറിഞ്ഞ തലശ്ശേരിയെ കണ്ടറിയാന്‍ സിനിമാപ്രേമികള്‍ക്കുള്ള അവസരമാണിമേളയെന്നും തലശ്ശേരിയെന്ന നാടിനെ അപമാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും എ.എന്‍ ഷംസീര്‍ എം.എല്‍ എ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആമുഖഭാഷണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ സംസാരിച്ചു. എം ടി വാസുദേവന്‍ നായര്‍, ടി പത്മനാഭന്‍, കെ പി കുമാരന്‍, ടി വി ചന്ദ്രന്‍, എം മുകുന്ദന്‍ എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ നേര്‍ന്നു. ഫെസ്റ്റ് വെല്‍ ബുള്ളറ്റിന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ലിബര്‍ട്ടി ബഷീറിന് നല്‍കി പ്രകാശനം ചെയ്തു . നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാ റാണി, മുരളി ഫിലീംസ് ഉടമ മാധവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതവും ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി നന്ദിയും പറഞ്ഞു.