പത്തനംതിട്ട: വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് മുഖേന സമഗ്ര പച്ചക്കറികൃഷി വ്യാപകമാക്കുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാര്‍ഡ് വിതരണ ഉദ്ഘാടനം അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

2020ല്‍ പത്തനംതിട്ട ജില്ലയിലെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാലയങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പച്ചക്കറി കര്‍ഷകര്‍, ക്ലസ്റ്ററുകള്‍, പ്രോജക്ട് അടിസ്ഥാനത്തില്‍ കൃഷി ചെയ്ത സ്ഥാപനങ്ങള്‍, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള ജില്ലതല അവാര്‍ഡ് വിതരണമാണ് നടന്നത്.

അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മ കുഞ്ഞ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) മാത്യു എബ്രഹാം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എസ്. ഷീബ, കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, മനു ജോര്‍ജ് മത്തായി തുടങ്ങിയവര്‍ സംസാരിച്ചു