കാസർഗോഡ്: ഏത് അപകട സാഹചര്യത്തിലും 101 എന്ന നമ്പറിലേക്ക് ഒരു കോള്‍ മതി, വിളിപ്പുറത്തെത്തും അഗ്‌നിരക്ഷ സേനാവിഭാഗം. ജില്ലയില്‍ തൃക്കരിപ്പൂര്‍, ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളിലായി അഞ്ച് സ്‌റ്റേഷനുകളാണുള്ളത്. അഞ്ചുവര്‍ഷത്തിനിടെ 6000ലധികം കോളുകളിലായി വിലമതിക്കാനാവാത്ത നൂറുകണക്കിന് ജീവനുകള്‍ രക്ഷപ്പെടുത്തുന്നതിനും അഗ്നിബാധയെ തടയാനും കോടിക്കണക്കിനു രൂപയുടെ സ്വത്തു വകകള്‍ സംരക്ഷിക്കാനും ജില്ലയിലെ അഗ്നിശമനസേനാ വിഭാഗത്തിനായി. അഗ്‌നി രക്ഷാവിഭാഗത്തിന്റെ സേവനങ്ങള്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ജില്ലയില്‍ ഫയര്‍ എന്‍.ഒ.സി അപേക്ഷകള്‍ ഓണ്‍ലൈനാക്കിയതും വലിയ നേട്ടമാണ്.

സിവില്‍ ഡിഫെന്‍സ്

അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ആദ്യഘട്ട രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിവില്‍ ഡിഫന്‍സ് ഫോഴ്സിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ജില്ലയില്‍ 250ഓളം സന്നദ്ധ വളണ്ടിയര്‍മാരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 150 പേര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി സജ്ജരാക്കി. ഫയര്‍ഫോഴ്സിനോട് ചേര്‍ന്നുള്ള ഇവരുടെ സേവനങ്ങള്‍ ദുരന്ത ലഘൂകരണത്തിന് പിന്തുണയാണ്. കോവിഡിലും പ്രളയകാലത്തും ഇവര്‍ ജനങ്ങള്‍ക്ക് താങ്ങും കരുതലുമായി. ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവരും പങ്കാളികളാണ്. രക്ഷാപ്രവര്‍ത്തനങ്ങളോടൊപ്പം കോവിഡ് കാലത്ത് സ്റ്റേഷന്‍ പരിധിയിലെ എല്ലാ പ്രദേശങ്ങളും അണുവിമുക്തമാക്കി. സാമൂഹിക അടുക്കള, ഭക്ഷ്യ ധാന്യകിറ്റുകളുടെ പാക്കിംഗ്, വിതരണം, ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണം തുടങ്ങി നാനാവിധ മേഖലകളില്‍ ഇവര്‍ കര്‍മ്മനിരതരായിരുന്നു.
ജില്ലയിലെ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട് കൊണ്ടുപോകുന്നതില്‍ രാവും പകലും പ്രവര്‍ത്തനസജ്ജരായിരിക്കുന്ന സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരുടെ പങ്ക് വലുതാണെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എ ടി ഹരിദാസന്‍ പറഞ്ഞു.

ഹൈടെക്

മുന്‍വര്‍ഷങ്ങളില്‍ ആവശ്യത്തിനുള്ള വാഹനങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടിയ സേനയില്‍ ഇന്ന് എല്ലാ നിലയങ്ങളിലും ആധുനിക വാഹനങ്ങള്‍ ലഭ്യമാണ്. ആധുനിക ഉപകരണങ്ങളായ ഹൈഡ്രോളിക്ക് റസ്‌ക്യൂ കട്ടര്‍, ന്യൂമാറ്റിക്ക് ബാഗ് ഉപകരണങ്ങള്‍, ജലാശയങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ട സ്‌കൂബ സെറ്റുകള്‍, റബര്‍ ഡിങ്കികള്‍, അഗ്നിശമനത്തിന് ആവശ്യമായ വാട്ടര്‍മിസ്റ്റ് വാഹനങ്ങള്‍, ബുള്ളറ്റ് വിത്ത് വാട്ടര്‍ മിസ്റ്റ്, മിനി വാട്ടര്‍ മിസ്റ്റ് വാഹനങ്ങള്‍, ചെയിന്‍ സോക്കറ്റുള്‍, അസ്‌കാ ലൈറ്റ്, ഡെമോളിഷിംഗ് ഹാമര്‍, രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബ്രീത്തിംഗ് അപ്പാരറ്റസ് സെറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും നിലയങ്ങളില്‍ ലഭ്യമാക്കി. ജില്ലയ്ക്ക് ആധുനിക വാട്ടര്‍ ബ്രൌസര്‍ വാഹനം, സ്‌കൂബ വാഹനം എന്നിവ ലഭ്യമാക്കി. ജീവനക്കാരുടെ സുരക്ഷയ്ക്ക് ആധുനിക ഫയര്‍ സ്യൂട്ടുകളും ഹെല്‍മറ്റും ഉള്‍പ്പടെയുള്ള സുരക്ഷാ ഉപകരണങ്ങളും മുഴുവന്‍ ജീവനക്കാര്‍ക്കും അക്വാട്ടിക്ക് ജാക്കറ്റ് റയിന്‍ കോട്ട് എന്നിവയും ലഭ്യമാക്കി.

ഹോം ഗാര്‍ഡ്

ജില്ലയില്‍ ഫയര്‍ സര്‍വീസിനു കീഴില്‍ 100 ഹോം ഗാര്‍ഡുകളാണുള്ളത്. സംസ്ഥാനത്ത് ഹോം ഗാര്‍ഡുമാരില്‍ 30 ശതമാനം വനിതകളെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ വനിതാ ഹോംഗാര്‍ഡിനെ കാസര്‍കോട് ജില്ലയില്‍ നിയമിച്ചു. എസ്‌ഐ ആയി വിരമിച്ച നീലേശ്വരം സ്വദേശിനി കെ രാധയാണ് സംസ്ഥാനത്തെ ആദ്യ വനിത ഹോം ഗാര്‍ഡ്. 2020 നവംബറിലാണ് ഇവരെ ഹോംഗാര്‍ഡായി നിയമിച്ചത്.

ബോധവത്കരണം സമൂഹത്തില്‍

അപകടമുണ്ടാകുമ്പോള്‍ പകച്ച് നില്‍ക്കാതെ രക്ഷപ്രവര്‍ത്തനം ആരംഭിക്കുന്നതിന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് നിരവധി ക്ലാസുകളും ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ജില്ലയിലെ അഗ്‌നിരക്ഷ സേനയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. കുടുംബശ്രീകള്‍, വായന ശാലകള്‍, ക്ലബ്ബുകള്‍ എന്നിവയ്ക്ക് വേണ്ടി അഞ്ഞൂറിലധികം ക്ലാസുകള്‍ നടത്തി. സ്‌കൂള്‍ തലങ്ങളില്‍ എന്‍ സി സി, എസ് പി സി, എന്‍ എസ് എസ് കുട്ടികള്‍ക്ക് വേണ്ടി ഫയര്‍ ആന്റ് സേഫ്റ്റി ക്ലാസുകളും ഡെമോണ്‍സ്ട്രേഷനും നടത്തി. ജില്ലയില്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി. എല്ലാ പഞ്ചായത്തുകളിലും സേഫ്ടി ബിറ്റുകള്‍ രൂപീകരിച്ചു. അപകട സാധ്യതകള്‍ മുന്‍കൂട്ടി കാണുന്നതിനും അവ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നടപടികള്‍ സ്വീകരിച്ചു. പ്രധാന വ്യവസായ സ്ഥാപനങ്ങളില്‍ എമര്‍ജന്‍സി ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചു. വിവിധ പഞ്ചായത്തുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബുകള്‍ എന്നിവ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി റസ്‌ക്യൂ വൊളന്റിയര്‍ സേന രൂപീകരിച്ചു.

പ്രളയവും കോവിഡും

കേരളത്തെ പിടിച്ചുലച്ച പ്രളയ കാലത്തും കോവിഡ് കാലത്തും ജനങ്ങള്‍ക്ക് താങ്ങായി അവരുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കാന്‍ മുന്നിട്ടിറങ്ങിയവരാണ് ജില്ലയിലെ അഗ്‌നിരക്ഷ സേന വിഭാഗം. 2018ലെ പ്രളയത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലുടനീളം പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 2018 മുതലുള്ള പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ നൂറുകണക്കിന് പേരെ രക്ഷപ്പെടുത്തി ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു.
കോവിഡ് -19 ജില്ലയില്‍ പിടിമുറുക്കുകയും ലോക് ഡൗണില്‍ ഒറ്റപ്പെട്ട ജനങ്ങളെ ചേര്‍ത്തു പിടിക്കൂകയും ചെയത് നിരവധി പ്രവര്‍ത്തനങ്ങള്‍ അഗ്‌നി രക്ഷ സേന വിഭാഗം നടപ്പാക്കി. 2020 മാര്‍ച്ച് 21 മുതല്‍ കോവിഡിനെതിരായി 2000 ലേറെ സ്ഥലങ്ങളില്‍ അണുനശീകരണവും ബോധവല്‍ക്കരണവും നടത്തി. 2000 ഓളം സ്ഥലങ്ങളില്‍ അടിയന്തിര മരുന്ന് എത്തിച്ചു. ഡയാലിസിസ് ആവശ്യമുള്ള വൃക്ക രോഗികളെയും ഗര്‍ഭിണികളെയും മറ്റും ആശുപത്രികളിലെത്തിച്ചു. വൃദ്ധ സദനങ്ങളില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കും ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എത്തിച്ചു.