കൊല്ലം: തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും വാക്‌സിനേഷനും ആവശ്യമായ നടപടിക്രമങ്ങള്‍ സുഗമമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി നടപടികള്‍ ത്വതിരപ്പെടുത്തണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന അവലോകന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്.

23682 ഉദ്യോഗസ്ഥര്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സജീകരണങ്ങളും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. തിരഞ്ഞെടുപ്പിന് മുന്‍പ് വാക്‌സിനേഷന്റെ രണ്ട് ഡോസും പൂര്‍ത്തിയാക്കുന്ന തരത്തിലായിരിക്കണം ക്രമീകരങ്ങള്‍ ഏകോപിപ്പിക്കേണ്ടത്, കലക്ടര്‍ പറഞ്ഞു. ഫെബ്രുവരി 26 നാണ് ജില്ലയിലെ 33 കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും വാക്‌സിനേഷനും ആരംഭിക്കുന്നത്.

കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങളില്‍ അടിയന്തിരമായി നടപടികള്‍ കൈക്കൊള്ളണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. താലൂക് തലത്തില്‍ രേഖപ്പെടുത്തുന്ന കോവിഡ് മാനദണ്ഡ ലംഘന കേസുകളെ സംബന്ധിച്ച വിവരങ്ങള്‍ സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍ യോഗത്തിലവതരിപ്പിച്ചു.
ഡി എം ഒ ഡോ. ആര്‍ ശ്രീലത, പുനലൂര്‍ ആര്‍ ഡി ഒ ബി. ശശികുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.