പാലക്കാട്: ജില്ലയിൽ മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ നടക്കുന്ന 25 – മത് അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ)യുടെ ഭാഗമായി മുഖ്യ വേദിയായ പ്രിയ-പ്രിയദര്ശിനി-പ്രിയതമ കോംപ്ലക്‌സില് മേള @25 എന്ന പേരിൽ ഫോട്ടോ എക്‌സിബിഷന് സംഘടിപ്പിക്കുന്നു. മേളയുടെ ചരിത്രവും വര്ത്തമാനവും വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്ശനത്തില് ചലച്ചിത്രോത്സവത്തിൽ ഇതു വരെയുള്ള നാള്വഴികള് ആലേഖനം ചെയ്യുന്ന അപൂര്വ്വ ചിത്രങ്ങളുടെ ശേഖരമാണ് കാഴ്ചക്കാര്ക്കായി ഒരുക്കുക.
കാല് നൂറ്റാണ്ടു കാലത്തെ വളര്ച്ചയില്ഐ.എഫ്.എഫ്.കെ യ്ക്കുണ്ടായിട്ടുള്ള അത്ഭുതകരമായ ജനപിന്തുണയും ഗുണപരമായ മുന്നേറ്റങ്ങളും പ്രദര്ശനത്തില് വ്യക്തമാവും. 1994ല് കോഴിക്കോടാണ് സംസ്ഥാനത്തെ ആദ്യ ഐ.എഫ്.എഫ്.കെ നടന്നത്. ആദ്യ വര്ഷങ്ങളില് കൊച്ചി – കോഴിക്കോട് – തിരുവനന്തപുരം ജില്ലകളിൽ നടത്തിയ മേള പിന്നീട് തിരുവനന്തപുരത്ത് സ്ഥിരമായി നടക്കുകയായിരുന്നു. കോവിഡ് സാഹചര്യത്തിലാണ് ഇത്തവണ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിലായി മേള നടക്കുന്നത്. ഇക്കാലമത്രയും മേളയോടൊപ്പം നടന്നവരും വിട പറഞ്ഞവരും വന്നുപോയവരുമായ പതിനായിരങ്ങളെ വീണ്ടും കണ്ടു മുട്ടാന് മേള @25ല് നമുക്കവസരമുണ്ട്.
അക്കാദമിയുടെ ശേഖരത്തിലുള്ള ഫോട്ടോകള്, പ്രതിനിധികളില് നിന്ന് ശേഖരിച്ച ഫോട്ടോ എന്നിവ എക്‌സിബിഷനില് ഉള്പ്പെടുത്തിയിട്ടുണ്ട്. പ്രതിനിധികളില് നിന്ന് ഫോട്ടോകള് ശേഖരിക്കാനായി പ്രത്യേക മത്സരവും നടത്തിയിരുന്നു. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഉദ്ഘാടന – സമാപന സമ്മേളനങ്ങള്, ഓപ്പണ് ഫോറം, സംവിധായകരുമായുള്ള മുഖാമുഖം, അരവിന്ദന് അനുസ്മരണ പ്രഭാഷണങ്ങള്, സ്മരണാഞ്ജലികള്, ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ് സമ്മാനിച്ച ലോക മാസ്റ്റര്മാരുമായുള്ള സംവാദങ്ങള്, വിവിധ പ്രദര്ശന വേദികള്, പ്രതിനിധികളുടെ അത്യുത്സാഹങ്ങള്, ഡെയ്‌ലി ബുള്ളറ്റിൻ, ആദ്യകാലത്ത് കൈ കൊണ്ടെഴുതി നല്കിയിരുന്ന ഡെലിഗേറ്റ് പാസുകളും എക്‌സിബിഷനില് പൊതുജനങ്ങൾക്ക് കാണാനാകും.
സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറല് കൗണ്സില് അംഗവും നാടക-സിനിമാ അഭിനേതാവും സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി അവാര്ഡു ജേതാവുമായ സജിതാ മഠത്തില് നേതൃത്വം നല്കുന്ന പ്രദര്ശനത്തിലെ ചിത്രങ്ങള് തെരഞ്ഞെടുത്തത് ഫോട്ടോഗ്രാഫറായ എ.ജെ ജോജിയാണ്. എക്‌സിബിഷന് കോ- ഓര്ഡിനേഷൻ പ്രോഗ്രാം അസിസ്റ്റന്റ് നിതിന് ആര് വിശ്വനാണ് . എക്‌സിബിഷന് സ്റ്റാളൊരുക്കിയത് ഹൈലേഷാണ്.