തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതായി ആരോഗ്യ- സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പാറശാല കൊറ്റാമത്ത് നവീകരിച്ച ഭിന്നശേഷി  സഹായ ഉപകരണ നിര്‍മാണ കേന്ദ്രത്തിന്റെ(എം.ആര്‍.സി.ടി. സി) ഉദ്ഘാടനംവീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിനായി നിരവധി പദ്ധതികൾ സര്‍ക്കാര്‍ ഇതിനോടകം നടപ്പിലാക്കി.
ഉപകരണ വിതരണ രംഗത്തും സ്‌കില്‍ ഡെവലപ്‌മെന്റിലും ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ആധുനിക സഹായ ഉപകരണങ്ങള്‍ അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുകയാണ് സര്‍ക്കാര്‍ നിലവില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് എം.ആര്‍.എസ്.ടി. സെന്റര്‍ നവീകരിച്ചതെന്നും ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ കേന്ദ്രത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നല്‍കിയ കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപയുടെ ഭരണാനുമതിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ ലഭിച്ചത്. സി. പി ചെയര്‍, വാക്കര്‍, വാക്കിംഗ് സ്റ്റിക്ക്, കൊമോഡ് വീല്‍ ചെയര്‍ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഇവിടെയുണ്ട്. ഇത് കൂടാതെ മെഷീനറികളും ഉപകരണങ്ങളും വാങ്ങി സ്ഥാപിക്കുന്നതിനും മറ്റ് അസംസ്‌കൃത വസ്തുക്കളും ഭാഗികമായി പൂര്‍ത്തിയാക്കിയ ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനു ഒരു ലൈറ്റ് റൂഫ് ഷെഡും നിര്‍മിച്ചിട്ടുണ്ട്.
കൊറ്റാമത്തു നടന്ന ചടങ്ങില്‍ സി. കെ ഹരീന്ദ്രന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ബെന്‍ഡാര്‍വിന്‍, പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു,  സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.