തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിര്‍മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി 3,000 കോടിയുടെ പദ്ധതികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. 225 ഓളം ന്യൂജന്‍ കോഴ്സുകളും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതുതായി ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ഇന്ന് രാജ്യത്തിനു തന്നെ മാതൃകയാണ്. അതുപോലെതന്നെ ഉന്നതവിദ്യാഭ്യാസ മേഖലയെയും ഉയര്‍ത്തും. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് ഉന്നതവിദ്യാഭ്യാസം നേടാനെത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വന്ന മാറ്റങ്ങള്‍ വളരെ വലുതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സാങ്കേതികപരമായും അക്കാദമികപരമായും ഏറെ നേട്ടങ്ങള്‍ കൈവരിച്ചു. കോളേജുകളുടെ അടിസ്ഥാനസൗകര്യ വികസനം ഏറെ മെച്ചപ്പെട്ടതായും മന്ത്രി പറഞ്ഞു.
16.25 കോടി ചെലവഴിച്ചാണ് 14,212 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നത്. നിലവിലെ പഴക്കംചെന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് അഞ്ചു നിലകളും രണ്ട് ബേസ്മെന്റ് ഫ്ളോറുമുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ സ്വാഗതം ആശംസിച്ചു. കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ബൈജു ഭായ് ടി.പി, പ്രിന്‍സിപ്പാള്‍ എന്‍. വിജയകുമാര്‍, ഉന്നതവിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.