വയനാട്: കല്‍പ്പറ്റ നിയോജകമണ്ഡലത്തെ കാര്‍ബണ്‍ ന്യട്രലായി മാറ്റുന്നതിന്റെ ഭാഗമായി ആരംഭിച്ച ഫിലമെന്റ് രഹിത കല്‍പ്പറ്റ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ മുഴുവന്‍ പദ്ധതി വ്യാപിപ്പിച്ച് കാര്‍ബണ്‍ ന്യൂട്രലാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രം ഉപയോഗിക്കുന്ന വെങ്ങപ്പള്ളി ഓഫീസിനെ ഫിലമെന്റ് രഹിത ഓഫീസായി പ്രഖ്യാപിക്കുകയും പഞ്ചായത്തിലെ മറ്റ് ഓഫീസുകള്‍ ഫിലമെന്റ് രഹിതമാക്കുന്നതിനായി എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണവും നടത്തി.
ഗ്രാമപഞ്ചായത്തിലെ ട്രീ ബാങ്കിംഗ് പദ്ധതിയുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. രണ്ടാം ഘട്ടമായാണ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. മരത്തൈ വെച്ച് പിടിപ്പിച്ച് സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് ഒരു മരത്തിന് 50 രൂപ വീതം പലിശ രഹിത വായ്പ 10 വര്‍ഷം തുടര്‍ച്ചയായി നല്‍കുന്നതാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമാകുന്ന ഗുണഭോക്താക്കള്‍ക്ക് തൊഴിലുറപ്പ് വഴി വൃക്ഷത്തൈ നട്ട് കൊടുക്കും. വൃക്ഷത്തിന്റെ ഫോട്ടോയും വിവരങ്ങളും ചേര്‍ത്ത് ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ നടത്തി ജിയോ ടാഗിംഗ് പൂര്‍ത്തിയാക്കും. മരങ്ങള്‍ക്ക് മൂന്ന് വയസ്സ് പ്രായമാകുമ്പോള്‍ മുതലാണ് വായ്പ ലഭിക്കുക. ജില്ലയില്‍ 70 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക, വൈസ് പ്രസിഡന്റ് പി.എം. നാസര്‍, സെക്രട്ടറി എ.എം. ബിജേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.