നോമ്പുകാലത്ത് പള്ളികളില്‍ നോമ്പുതുറക്കല്‍ ഹരിതചട്ടം പാലിച്ചായിരിക്കുമെന്ന് മുസ്ലിംസമുദായ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. റംസാനോടനുബന്ധിച്ച് പള്ളികളില്‍ നടപ്പിലാക്കേണ്ട ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച ചര്‍ച്ചയിലാണ് സംഘടനാ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. റംസാനോടനുബന്ധിച്ച് പള്ളികളില്‍ നടക്കുന്ന വലിയ രീതിയിലുള്ള നോമ്പുതുറക്കല്‍ ഹരിതചട്ടം പാലിച്ച നടപ്പിലാക്കുന്നതിനേക്കുറിച്ച് എ.ഡി.എം.ടി.വിജയന്റെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. നോമ്പുതുറക്കലിനെ തുടര്‍ന്നുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാനും സ്റ്റീല്‍, ചില്ല്, മണ്ണ്, സിറാമിക്‌സ് പാത്രങ്ങള്‍ ഉപയോഗിക്കാനും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. തുണി, ഇല, ചണം എന്നിവ അലങ്കാരങ്ങള്‍ക്കുപയോഗിക്കുകയും അതുവഴി ഹരിതചട്ടത്തിന്റെ പ്രചരണവും ജനങ്ങളിലെത്തിക്കുകയും ചെയ്യാം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ ശക്തമാകുമ്പോള്‍ മാലിന്യത്തിന്റെ അളവ് കുറയ്ച്ച് ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ പറഞ്ഞു.
പള്ളികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുമായി ബന്ധപ്പെട്ട നോട്ടീസ് എ.ഡി.എം. ടി.വിജയന്‍ പ്രകാശനം ചെയ്തു. യോഗത്തില്‍ അഖിലേന്ത്യാ സുന്നി ജമായത്തുല്‍ ഉലമ, സമസ്ത കേരള ജമായത്തുല്‍ ഉലമ, ജമായത്തെ ഇസ്ലാമി ഹിദ് കേരള, എം.ഇ.എസ്. എം.എസ്.എസ്, കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍, വഖഫ് ബോര്‍ഡ് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.