തോലന്നൂര്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജിനായി 14 ഏക്കര്‍ ഭൂമി കൈമാറി
പാലക്കാട്: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തോലന്നൂര്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജിന് സ്വന്തമായ കെട്ടിടം യാഥാര്‍ത്ഥ്യമാവുന്നു. 14 ഏക്കര്‍ ഭൂമി കോളേജിനായി റവന്യൂ വകുപ്പ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കൈമാറിയതായി മന്ത്രി എ കെ ബാലന് അറിയിച്ചു. തരൂര്‍ നിയമസഭാ മണ്ഡലത്തിലെ കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലുള്ള മുപ്പുഴയിലാണ് കോളേജിനായി ഭൂമി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ആദ്യഘട്ടമായി 10 കോടി വകയിരുത്തി കോളേജിന്റെ അഡ്മിനിസ്ട്രേഷന് ബ്ലോക്ക് നിര്‍മിക്കും.
സ്വന്തമായി കെട്ടിടം, കൂടുതല്‍ കോഴ്സുകള്‍ ലക്ഷ്യം
മണ്ഡലം എം.എല്‍.എ.യും മന്ത്രിയുമായ എ.കെ ബാലന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഗവ. ആര്‍ട്സ് & സയന്‍സ് കോളേജിന് സ്വന്തമായി 14 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്. സ്വന്തമായി കെട്ടിടം ഇല്ലാതിരുന്ന കോളേജ് തോലന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലാണ് താത്കാലികമായി പ്രവര്‍ത്തിച്ചുവരുന്നത്. ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ബി.എസ്.സി ജോഗ്രഫി, ബി.കോം എന്നീ മൂന്നു ബിരുദ കോഴ്സുകളും പി.ജി കോഴ്സായി എം.എസ്.സി ജോഗ്രഫിയുമാണ് നിലവില്‍ കോളേജില്‍ ഉള്ളത്.
ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി ഏകദേശം 260 ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്കുന്ന കേരളത്തിലെ ആദ്യത്തെ കോളേജ് എന്ന പ്രത്യേകതയും തോലനൂര്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജിനുണ്ട്. കേരളത്തിലാദ്യമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡും നല്‍കിയിട്ടുണ്ട്.
എര്ത് സയന്‍സ്, വൈറോളജി, ബയോടെക് റിസര്‍ച്ച് എന്നീ പഠനവിഷയങ്ങളില്‍ അധിഷ്ഠിതമായ കേന്ദ്രമാക്കി കോളേജിനെ മാറ്റാനും ലക്ഷ്യമിടുന്നു. ഇതിന് പുറമെ ജിയോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഫോറസ്ട്രി ബിരുദ കോഴ്സുകളും, ബയോടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, ബയോ-ഫിസിക്സ് എന്നിവയിലും മാസ് കമ്മ്യൂണിക്കേഷന്‍ & ജേണലിസം, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, സൈക്കോളജി വിഷയങ്ങളിലും ബിരുദകോഴ്സ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ക്ലാസ്സ് റൂമുകള്‍, ലാബ്, സ്റ്റാഫ് റൂം, പ്രിന്‍സിപ്പാള്‍ റൂം, സെമിനാര്‍ ഹാള്‍, ഓഡിറ്റോറിയം, ലൈബ്രറി, വാഷ് റൂമുകള്‍, കാന്റീന് എന്നിവയും പ്രിന്‍സിപ്പാള്‍& സ്റ്റാഫ് കോട്ടേഴ്സ്, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍, പ്ലേ ഗ്രൗണ്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ ഉള്‍പ്പെടെയായിരിക്കും കോളേജിന്റെ നിര്‍മ്മാണം.