പാലക്കാട്: ചെന്നൈ ബാംഗ്ലൂര് വ്യാവസായിക ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കുന്ന കണ്ണമ്പ്ര വ്യവസായ പാര്ക്കിലൂടെ നാലായിരത്തോളം പേര്ക്ക് തൊഴില് ലഭ്യമാക്കുമെന്ന് പട്ടികജാതി പട്ടികവര്ഗ്ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക പാര്ലമെന്ററി വകുപ്പ് മന്ത്രി എ. കെ ബാലന് പറഞ്ഞു. കണ്ണമ്പ്ര വ്യവസായ പാര്ക്ക് പദ്ധതി പ്രഖ്യാപനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2000 കോടിയുടെ പദ്ധതിയാണ് കണ്ണമ്പ്ര വ്യവസായ പാര്ക്ക്. തുക കിഫ്ബി ജില്ലാ കലക്ടര്ക്ക് കൈമാറിയിട്ടുണ്ട്. പദ്ധതിക്കായി കണ്ണമ്പ്ര വില്ലേജില് 470 ഏക്കര് ഭൂമിയാണ് ഏറ്റെടുക്കുന്നത്. വ്യവസായ പാര്ക്ക് യാഥാര്ഥ്യമാകുന്നതോടെ കൊച്ചി-പാലക്കാട് മേഖല ദക്ഷിണേന്ത്യയിലെ വ്യവസായമേഖലയായി മാറും.
ഉല്പാദന മേഖലയില് വലിയ കുതിച്ചുചാട്ടം ഉണ്ടാവുകയും ചെയ്യും. ഭക്ഷ്യ, ആഭരണ, പ്ലാസ്റ്റിക്, ഈ വേസ്റ്റ്, ഓയില് ആന്ഡ് ഗ്യാസ്, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്സ് തുടങ്ങിയ മെഗാവ്യവസായ ട്രസ്റ്റുകള് ആണ് നിലവില് വരുന്നത്. 470 ഏക്കറില് 292.89 ഏക്കര് ഭൂമി ഏറ്റെടുപ്പ് അവസാനഘട്ടത്തിലാണ്. ഇതിനായി ഒന്നാംഘട്ട തുക 346 കോടി കിഫ്ബി വഴി കിന്ഫ്ര കൈമാറി. കിന്ഫ്ര ജില്ലാകളക്ടര്ക്ക് കൈമാറിയിട്ടുണ്ട്. 177.11 ഏക്കര് ഭൂമി ഏറ്റെടുക്കല് രണ്ടാംഘട്ടം നടപടി ആരംഭിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ഇതിനുപുറമേ പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് സഹായത്തോടെ ആരംഭിക്കുന്ന ക്രാഫ്റ്റ് വില്ലേജ്, കരകൗശല കൈത്തൊഴില് മേഖലയിലുള്ളവര്ക്ക് തൊഴില്, വിപണനം, വരുമാനം എന്നിവ ഉറപ്പാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില് നൂറുകണക്കിന് തൊഴിലാളികള്ക്ക് തൊഴില് സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉല്പന്നങ്ങള് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും സൗകര്യമൊരുക്കും.
തൊഴിലാളികള്ക്ക് കുടുംബസമേതം താമസിച്ച് ജോലി ചെയ്യുന്നതിന് ഇവിടെ അവസരമൊരുക്കും. ഇതിനായി പിന്നാക്ക വികസന കോര്പ്പറേഷന്റെ സഹായത്തോടെ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്.
പട്ടികജാതി പട്ടികവര്ഗ്ഗ വകുപ്പിന്റെ കോര്പ്പസ് ഫണ്ട് ഉപയോഗപ്പെടുത്തി കാവശ്ശേരിയില് 12 കോടി ചെലവില് പൂര്ത്തീകരിച്ച റൈസ് മില്ലിലൂടെ 50 പേര്ക്ക് തൊഴില് ലഭ്യമാക്കും. കൊയ്തെടുത്ത നെല്ല് കൃത്യസമയത്ത് റൈസ് മില്ല് മുഖേന സംഭരിച്ച് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ വഴി വിപണനം നടത്താന് സൗകര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങള് പാലിക്കാതെയും നിയന്ത്രണം ഇല്ലാതെയുമുള്ള പ്രവര്ത്തനങ്ങള് ഏറെ അപകടകരമാണെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങള് കക്ഷിരാഷ്ട്രീയത്തിനതീതമായി ഇക്കാര്യത്തില് ജില്ലാ ഭരണകൂടത്തോട് സഹകരിക്കണം. കോവിഡ് ബാധിച്ച അതിനുശേഷമുള്ള പോസ്റ്റ് കോവിഡ്് അവസ്ഥ ഏറെ ബുദ്ധിമുട്ടുള്ളതാണ്. അതിന് ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളുമായി പൊതുജനങ്ങള് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ ചാമുണ്ണി വിശിഷ്ടാതിഥിയായി.
പരിപാടിയില് കണ്ണമ്പ്ര വ്യവസായ പാര്ക്കിന്റെ ശിലാഫലകം മന്ത്രി എ കെ ബാലന് അനാഛാദനം ചെയ്തു. ആലത്തൂര് താലൂക്കിലെ കണ്ണമ്പ്ര ഒന്ന് വില്ലേജിലാണ് കിന്ഫ്ര വ്യവസായ പാര്ക്ക് സ്ഥാപിക്കുന്നത്. 2000 കോടിയുടെ പദ്ധതിയില് ഭൂമി ഏറ്റെടുക്കല് നടപടികള് അവസാനഘട്ടത്തിലാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയില് 4000 പേര്ക്ക് നേരിട്ടും നിരവധി പേര്ക്ക് പരോക്ഷമായും തൊഴില് ലഭിക്കും.