എറണാകുളം: സ്ത്രീകളുടെ അധ്വാനത്തെ സമൂഹം വിലകുറച്ചാണ് കാണുന്നതെന്നും സ്വകാര്യ തൊഴിലിടങ്ങളില്‍ മാന്യമായ ശമ്പളം നല്‍കാതെ സ്ത്രീകളുടെ അധ്വാനത്തെയും സ്ത്രീത്വത്തെയും ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. ഇതിനെതിരെ പൊതുബോധം ഉണരണമെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനത്തിന് തൊഴില്‍ ചെയ്യണ്ടേ സാഹചര്യമാണുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ജില്ലയിലെ ഒരു സിബിഎസ്ഇ സ്‌കൂളില്‍ ജോലി ചെയ്യുന്ന ഒരു അധ്യാപികയ്ക്ക് ലഭിക്കുന്നതു പതിനാലായിരം രൂപയാണ് . എന്നാല്‍ ആ അധ്യാപികയ്ക്ക് ഇരുപത്തിരണ്ടായിരം രൂപയാണ് നല്‍കുന്നതെന്നാണ് സ്‌കൂള്‍ സിബിഎസ്ഇയെ അറിയിച്ചിരിക്കുന്നത്.

പ്രായമായ അമ്മയെക്കൊണ്ട് മക്കള്‍ പരാതി നല്‍കിയതിന് ശേഷം മക്കള്‍ മറഞ്ഞു നില്‍ക്കുന്ന പ്രവണതകള്‍ ശരിയല്ല എന്നും കമ്മിഷന്‍ പറഞ്ഞു. ടോയ്‌ലറ്റ് നന്നാക്കാന്‍ പണം കൈപ്പറ്റിയതിന്റെ രേഖ ഉണ്ടായിട്ടും വൈപ്പിന്‍ സ്വദേശിയായ 82 വയസുള്ള അമ്മയെക്കൊണ്ട് പ്രാദേശിക ജനപ്രതിനിധിക്ക് എതിരെ തുടര്‍ച്ചായി പരാതി നല്‍കിയ കേസ് നല്‍കിയ മക്കള്‍ക്കെതിരെയാണ് കമ്മിഷന്റെ നിരീക്ഷണം . മാനഭംഗശ്രമം നടത്തിയതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് കേസ് എടുക്കാന്‍ വൈകിയതിനെതിരെ ലഭിച്ച പരാതിയില്‍ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് കേസ് എടുത്തു പ്രതിയെ റിമാന്‍ഡ് ചെയ്തു .

മകളുടെ പ്രായമുള്ള യുവതിയെ അഭിഭാഷകന്‍ നിരന്തരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നു എന്ന പരാതിയില്‍ കമ്മീഷന്‍ പരിഗണിച്ചു. വാക്കു കൊണ്ടും നോക്ക് കൊണ്ടും ശാരീരിക അവയവങ്ങളുടെ ചേഷ്ട കൊണ്ടും ലൈംഗീക ചുവയോട് കൂടെ സ്ത്രീയെ അപമാനിക്കുന്നത് ഗൗരവമേറിയ കുറ്ററ്റമാണെന്നു നിയമസംവിധാനം പറയുന്നു. അഭിഭാഷകന്റെ പേരില്‍ കേസ് എടുത്തിട്ടും ഈ പ്രവണത തുടരുന്നത് ഗൗരവമേറിയ കുറ്റമാണെന്നും കമ്മീഷന്‍ പറഞ്ഞു.

ഫെബ്രുവരി 24 , 25 തീയതികളിലായി വൈ എം സി എ ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 90 കേസ്സുകള്‍ പരിഗണിച്ചു. 21 കേസ്സുകള്‍ തീര്‍പ്പാക്കി . ആറ് കേസുകളില്‍ വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടി . 63 കേസ്സുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. അദാലത്തില്‍ വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ ഷിജി ശിവജി , അഡ്വ എം എസ് താര ഡയറക്ടര്‍ വി.യു കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.