സംസ്ഥാനത്തിന്റെ തനത് പാനീയമെന്ന നിലയില്‍ നീര അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
മികച്ച ആരോഗ്യ പാനീയമായ നീരയെ ആകര്‍ഷകമായ രീതിയില്‍ പൊതുവിപണിയിലെത്തിക്കുന്നതിന്റെ സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്തു. നീര ടാപ്പ് ചെയ്യുന്നതിന് വിദഗ്ധ പരിശീലനം നല്‍കുന്നതിന് സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. നീര ഉള്‍പ്പെടെയുള്ള നാളികേരാധിഷ്ഠിത സംരംഭങ്ങള്‍ നടപ്പിലാക്കിവരുന്ന കമ്പനികളെ സഹായിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇതിനായി ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.  നീര ടാപ്പ് ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
നീരയുടെ നിറം, ഗുണനിലവാരം, രുചി, കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ചേരുവകള്‍ എന്നിവ സംബന്ധിച്ച പൊതുമനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതിനായി ഡോ. ഹെബ്ബാര്‍, ഡോ. സുജാത, ശ്രീകുമാര്‍ പൊതുവാള്‍ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു.  ഇതിനു പുറമേ, നീരയെ ഒരു പൊതു ബ്രാന്റ് നാമത്തില്‍ വിപണിയിലിറക്കുക എന്ന ലക്ഷ്യത്തോടെ നാമകരണത്തിനായി, ഡോ. ഹെബ്ബാര്‍, ഡോ. സുജാത, ദീപ്തി മാരാര്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെ പ്രതിനിധികളായ വിനോദ്കുമാര്‍, ജോര്‍ജ്ജ്, സുബ്രഹ്മണ്യം (സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍), മാത്യു (കേര ഫെഡ്) എന്നിവരടങ്ങിയ മറ്റൊരു കമ്മിറ്റിയും രൂപീകരിച്ചു.  ഒരു മാസത്തിനകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. മെയ് 22ന് രാവിലെ കമ്മിറ്റിയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.
കാര്‍ഷികോത്പാദന  കമ്മീഷണര്‍ സുബ്രതാ ബിശ്വാസ്, കേരള കാര്‍ഷിക വൈസ് ചാന്‍സലര്‍ ഡോ. ചന്ദ്രബാബു, കൃഷി വകുപ്പ് ഡയറക്ടര്‍ എം.എം. സുനില്‍ കുമാര്‍, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.നാരായണന്‍, കേരള കാര്‍ഷിക സര്‍വകലാശാല, സി.പി.സി.ആര്‍.ഐ., നാളികേര വികസന ബോര്‍ഡ്, സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍, കേര ഫെഡ്, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെ പ്രതിനിധികള്‍, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.