പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പാലക്കാടൻ കാഴ്ചകൾക്ക് തിരിതെളിഞ്ഞു. അക്കാഡമി ചെയർമാൻ കമൽ മേളയ്ക്ക് നാന്ദി കുറിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയതോടെയാണ് മേള ആരംഭിച്ചത്. ജില്ലാ കളക്‌ടർ മൃൺമയീ ജോഷി ചലച്ചിതോത്സവത്തിന് തിരിതെളിയിച്ചു . പ്രാദേശിക മേളകൾ ലോക സിനിമകളെ കൂടുതൽ പ്രേക്ഷകരിലേക്കെത്തിക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു.
തുടർന്ന് ഫെസ്റ്റിവൽ ബുള്ളറ്റിൻ ജില്ലാ കളക്‌ടർ പദ്‌മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു . ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഴാങ് ലുക് ഗൊദാര്ദ് ഓൺലൈനിലൂടെ പ്രേക്ഷകരെ അഭിസംബോധന ചെയ്തു. എൻ എഫ് ഡി സി മുൻ ഡയറക്റ്റർ പി.പരമേശ്വരൻ ,കേരളാ ഫിലിം ചേംബർ മുൻ പ്രസിഡന്റ് കെ നന്ദകുമാർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ,സെക്രട്ടറി അജോയ് ചന്ദ്രൻ ,ടി ആർ അജയൻ തുടങ്ങിയവർ പങ്കെടുത്തു. തുടര്ന്ന് ഉദ്ഘാടന ചിത്രമായ ക്വോ വാഡിസ്, ഐഡ പ്രദര്ശിപ്പിച്ചു.