പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ജീവനക്കാരുടെ പട്ടിക യഥാസമയം നല്‍കാത്ത ഓഫീസ് മേലധാകാരികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി അറിയിച്ചു. സ്റ്റാഫ് ലിസ്റ്റ് ഇനിയും ലഭ്യമാക്കാത്ത ഓഫീസ് മേലധികാരികള്‍ മാര്‍ച്ച് നാലിന് വൈകുന്നേരം നാലിന് അതത് ഓഫീസ് പരിധിയിലുള്ള വില്ലേജ് ഓഫീസില്‍ എത്തിച്ചേരണം. നിയമസഭാ തെരഞ്ഞെടുപ്പിന് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുവേണ്ടി പത്തനംതിട്ട ജില്ലയുടെ പരിധിയില്‍ വരുന്ന കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ നിശ്ചിത മാതൃകയില്‍ ജീവനക്കാരുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു.
