പാലക്കാട്: സ്വതന്ത്രമായ ആവിഷ്ക്കാരത്തിന് സെൻസർഷിപ്പ് തടസമെന്നും വർത്തമാന ഇന്ത്യയിൽ ആവിഷ്ക്കാര സ്വാതന്ത്രത്തിനൊപ്പം ജീവിതം പോലും സെൻസർ ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഓപ്പൺ ഫോറം. കലാകാരന്റെ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ് വർത്തമാന കാലത്തെ സെൻസർഷിപ്പുകൾ .
കലയിലൂടെയും സാഹിത്യത്തിലൂടെയും അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്യപ്പെടാമെന്ന ഭയമാണ് പലർക്കുമുള്ളത് . അതുകൊണ്ടുതന്നെ ഒ.ടി.ടി. പ്ലാറ്റ് ഫോമുകളും വൈകാതെ സെൻസർ ചെയ്യപ്പെട്ടേക്കാമെന്നും അത് പ്രകടനാത്മക കലയുടെ അന്ത്യം കുറിക്കുമെന്നും വി.കെ പ്രകാശ് പറഞ്ഞു . ഇത്തരം പ്രവണതകൾക്കെതിരായി പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാകണമെന്ന് സംവിധായകൻ സജിൻ ബാബു പറഞ്ഞു .
മതപരവും സദാചാരപരവുമായ വിഷയങ്ങളാണ് പ്രധാനമായും സെൻസർഷിപ്പിനു വിധേയമാക്കുന്നതെന്നും പക്വതയുള്ള ഒരു സമൂഹമാണ് പ്രേക്ഷകർ എന്ന പരിഗണനയാണ് സെൻസർ ബോർഡ് നൽകേണ്ടതെന്നും മധു ജനാർദ്ദനൻ പറഞ്ഞു . സംഘാടക സമിതി ജനറൽ കൺവീനർ ടി.ആർ. അജയൻ, സംവിധായകരായ വി.കെ പ്രകാശ്, ലിജിൻ ജോസ്, സജിൻ ബാബു, മധു ജനാർദ്ദനൻ, ഹരിനാരായണൻ എന്നിവർ പങ്കെടുത്തു.കെ.സി. ജിതിൻ മോഡറേറ്ററായി.