തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ (മാർച്ച് 03) മാത്രം 9,977 പേർക്കു കോവിഡ് വാക്‌സിൻ നൽകി. മുതിർന്ന പൗരന്മാർക്കും കോവിഡ് മുന്നണി പ്രവർത്തകർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുമാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. 41 കേന്ദ്രങ്ങളിൽ ഇന്നലെ വാക്‌സിനേഷൻ സംഘടിപ്പിച്ചിരുന്നു.
6,533 മുതിർന്ന പൗരന്മാർക്ക് ഇന്നലെ വാക്‌സിൻ നൽകി. 1,032 മുന്നണി പോരാളികൾ ആദ്യഘട്ട വാക്സിനും 68 പേർ രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ 866 പേർ ആദ്യ ഘട്ടവും 1,478 പേർ രണ്ടാം ഘട്ടവും വാക്‌സിൻ സ്വീകരിച്ചു.
ജില്ലയിലെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാഡ്രൈവിൽ ഇന്നലെ 1,598 പേർ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 1,592 പേർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കേണ്ട ഉദ്യോഗസ്ഥരും ആറു പേർ ആരോഗ്യ പ്രവർത്തകരുമാണ്. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിനു പുറമേ വികാസ് ഭവനിലും മെഗാ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. ഇവിടെ 962 പേർക്കു വാക്‌സിൻ നൽകി.
ജില്ലയിലെ പ്രധാന  വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നേരിട്ടെത്തി ക്രമീകരണങ്ങൾ വിലയിരുത്തി.