എറണാകുളം: ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ ഉറപ്പാക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ രണ്ടു ദിവസത്തിനകം സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതു സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതിനായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച അഷ് വേഡ് മിനിമം ഫെസിലിറ്റി എല്ലാ ബൂത്തുകളിലും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓരോ മണ്ഡലങ്ങളുടെയും ചുമതലയുള്ള വരണാധികാരികൾ, സഹവരണാധികാരികൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
ഭിന്നശേഷിക്കാർക്കുള്ള റാംപുകളില്ലാത്ത ബൂത്തുകളിൽ ഏഴാം തീയതിക്കു മുൻപ് ഇവ സജ്ജമാക്കാൻ കളക്ടർ നിർദേശിച്ചു. 99% ബൂത്തുകളിലും വൈദ്യുതി ഉറപ്പാക്കായിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വീൽചെയർ സൗകര്യമൊരുക്കും. റാംപുകൾ സ്ഥാപിച്ചിട്ടില്ലാത്ത സ്വകാര്യ കെട്ടിടങ്ങളിലെ പോളിംഗ് ബൂത്തുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട സ്ഥാപനത്തിന് നോട്ടീസ് നൽകി ഉടൻ റാംപുകൾ സ്ഥാപിക്കണം.
മൂന്നു ദിവസങ്ങൾ കൊണ്ട് വോട്ടർ ഐഡി കാർഡുകളുടെ വിതരണം പൂർത്തിയാക്കാൻ കഴിഞ്ഞു. പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തുന്നതിനുള്ള ആൻ്റി ഡീ ഫെയ്സ്മെൻ്റ് സ്ക്വാഡ് ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. പോസ്റ്റൽ വോട്ടുകൾക്കുള്ള 12 ഡി ഫോമിൻ്റെ വിതരണവും ജില്ലയിൽ ആരംഭിച്ചു. 80 വയസിനു മുകളിലുള്ളവർ, ഭിന്നശേഷി ക്കാർ, കോവിഡ് രോഗികൾ എന്നിവർക്കാണ് പോസ്റ്റൽ വോട്ട്.
അഞ്ചിൽ കൂടുതൽ ബൂത്തുകളുള്ള പോളിംഗ് കേന്ദ്രങ്ങൾക്ക് പ്രത്യേക ക്യൂ മാനേജ്മെൻ്റ് പ്ലാൻ നടപ്പാക്കുമെന്ന് കളക്ടർ അറിയിച്ചു. ഇതിനായുള്ള സ്കെച്ച് തയാറാക്കി നൽകാൻ ഇ ആർ ഒ മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം പ്ലാൻ തയാറാകും. ഇത് ജനങ്ങൾക്ക് സഹായകരമാകും. പ്രവേശനം, പുറത്തേക്കുള്ള വഴി, ക്യൂ, വെയ്റ്റിംഗ് ഏരിയ തുടങ്ങിയ വിവരങ്ങൾ സ്കെച്ചിൽ രേഖപ്പെടുത്തും. അഞ്ചിലധികം ബൂത്തുകളുള്ള 282 പോളിംഗ് സ്റ്റേഷൻ ലൊക്കേഷനുകളാണ് ജില്ലയിലുള്ളത്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സുദീപ് ജെയിൻ എട്ടിന് ജില്ലയിലെത്തും. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ ടി മനോജ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.