സംസ്ഥാനത്തെ 14374 റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ മുഖേന റേഷന്‍ വിതരണം ആരംഭിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുവിതരണ രംഗത്തെ ഒരു പ്രധാന നവീകരണ ശ്രമമാണിത്. സംസ്ഥാനത്തെ 3.41 കോടി ഗുണഭോക്താക്കളെയും ആധാര്‍ ഡേറ്റാബേസ് വഴി റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് സിവില്‍ സപ്ലൈസ് വകുപ്പ് പൂര്‍ത്തിയാക്കിയത്. കേരളത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും ആധാര്‍ വിവരങ്ങള്‍ ഇതിനായി ശേഖരിച്ചു.
രണ്ടു വ്യത്യസ്ത സിം കാര്‍ഡുകള്‍ ബി.എസ്.എന്‍.എല്‍.നു പുറമേ ഏറ്റവും കൂടുതല്‍ കവറേജുള്ള മറ്റൊരു ടെലിഫോണ്‍ കമ്പനിയേയും കൃത്യമായ സര്‍വേയ്ക്കു ശേഷം ഓരോ കടയ്ക്കും നല്‍കി. തുടര്‍ന്നും പ്രശ്‌നമുള്ളവര്‍ക്ക് പ്രത്യേക ആന്റിന നല്കി. കേരളത്തിലെ 14374 റേഷന്‍ കടക്കാരെയും അവരുടെ സഹായികളെയും ഒരു ദിവസം മുഴുവന്‍ കേരളത്തിലെ 348 കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കി. വകുപ്പിലെ 1500 ജീവനക്കാര്‍ക്കും പരിശിലനം നല്‍കി. ഇ-പോസ് മെഷീനുകളുടെ സര്‍വീസിംഗിനായി ഏഴ് സര്‍വീസ് സെന്ററുകളും 240 സര്‍വീസ് എന്‍ജിനീയര്‍മാരെയും സംസ്ഥാനത്ത് വിന്യസിച്ചു.
2018 ഏപ്രിലില്‍ 49,00,334 ഗുണഭോക്താക്കള്‍ക്ക് വിജയകരമായി റേഷന്‍ നല്‍കി. സ്വന്തം റേഷന്‍കടയില്‍ നിന്നും ഭക്ഷ്യധാന്യം വാങ്ങാന്‍ അസൗകര്യം ഉള്ള 39,385 പേര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തി. റേഷന്‍ എത്തുന്ന വിവരവും എസ്.എം.എസ് ആയും നല്‍കും. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനധികൃതമായി കയറികൂടിയ 1,68,567 പേരെ പട്ടികയില്‍ നിന്നും നീക്കം ചെയ്തു. അത്രയും സ്ഥാനത്ത് അര്‍ഹരെ ഉള്‍പ്പെടുത്തുകയും ചെയ്തു. കുറ്റമറ്റ വിതരണ സമ്പ്രദായം ഉറപ്പാക്കാന്‍ ഈ വര്‍ഷം തന്നെ സോഷ്യല്‍ ഓഡിറ്റിംഗ് ഏര്‍പ്പെടുത്താന്‍ ഡാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി ധാരണാപത്രം ഒപ്പിട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഒരു കാര്‍ഡിലും ഉള്‍പ്പെടുത്താത്ത 75,000 കുടുംബങ്ങള്‍ക്കും ജൂണ്‍ ഒന്നു മുതല്‍ കാര്‍ഡ് നല്‍കും. വാതില്‍പ്പടി വിതരണം, സര്‍ക്കാര്‍ ഏജന്‍സി വഴിയുള്ള വിതരണം സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം, ഈ-പോസ് മെഷീനുകള്‍ സ്ഥാപിക്കല്‍, പോര്‍ട്ടബിലിറ്റി സൗകര്യം എന്നീ ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുശാസിക്കുന്ന മുഴുവന്‍ ഘടകങ്ങളും കേരളം പൂര്‍ത്തീകരിക്കുന്നതിന്റെ പ്രഖ്യാപനം 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിര്‍വഹിക്കും. റേഷന്‍ വ്യാപാര ഉടമകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെയും റേഷന്‍ കടകള്‍ നവീകരിക്കുന്നതിന്റെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു.
