തൊഴില്‍ നയം സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴില്‍ നയം മന്ത്രിസഭ അംഗീകരിച്ച പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റ് പി.ആര്‍ ചേംബറില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നയം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരളം തൊഴില്‍ സൗഹൃദ-നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറുകയാണ്. തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിച്ചും  സാമൂഹികസുരക്ഷ ഉറപ്പുവരുത്തിയുമാണ്   സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും യോജിച്ച പ്രവര്‍ത്തനത്തിലൂടെയും തൊഴില്‍സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തിയും കേരളത്തിന്റെ സമഗ്രവും സ്ഥായിയുമായ വികസനത്തില്‍ തൊഴില്‍മേഖലയുടെ പങ്ക് ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തൊഴില്‍നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. തൊഴിലാളിവര്‍ഗ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്നതിനും തൊഴില്‍നയം ഊന്നല്‍ നല്‍കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
തൊഴില്‍മേഖലയിലെ എല്ലാ അനാരോഗ്യപ്രവണതകളും അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതും അമിതകൂലി ആവശ്യപ്പെടുന്നതും അവസാനിപ്പിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവരും അതിഥി തൊഴിലാളികളും ഉള്‍പ്പെടെ എല്ലാ വിഭാഗം തൊഴിലാളികളുടെയും സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പുതിയ തൊഴില്‍നയം.
തൊഴിലാളികള്‍ക്ക് സേവനകാലയളവിലും തുടര്‍ന്നും ന്യായമായ വേതനവും ആരോഗ്യസുരക്ഷയും ലഭ്യമാക്കും. ഉല്‍പ്പാദനക്ഷമതയും പ്രഫഷണലിസവും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ തൊഴില്‍മേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കായി തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ലിംഗസമത്വം ഉറപ്പാക്കി സ്ത്രീതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സ്ത്രീസൗഹൃദ തൊഴിലന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. തൊഴില്‍നിയമങ്ങള്‍ അനുസരിച്ച് സ്ത്രീതൊഴിലാളികള്‍ക്ക് ലഭിക്കേണ്ട  ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താന്‍ വകുപ്പ് ഇടപെടും. പ്രസവാനുകൂല്യങ്ങളും തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യവും  ഉറപ്പാക്കും. സ്ത്രീതൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ക്രഷ് സെസ് ഏര്‍പ്പെടുത്തും. സാമൂഹികനീതിവകുപ്പുമായി സഹകരിച്ച് ക്രഷുകള്‍ സ്ഥാപിക്കും. തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിപ്പിടസൗകര്യം നിര്‍ബന്ധമാക്കും. ബാലവേല നിര്‍മ്മാര്‍ജ്ജനത്തിനും പുനരധിവാസത്തിനും നടപടി സ്വീകരിക്കും. സംസ്ഥാനത്തെ ബാലവേല വിമുക്തമാക്കി മാറ്റും.
തൊഴിലാളികളുടെ വേതനം ആധാറുമായി ബന്ധിപ്പിച്ച് വ്യക്തിഗത ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യുന്ന വേതനസുരക്ഷാപദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കും.
ഗാര്‍ഹികതൊഴിലാളികള്‍ക്കായി പ്രത്യേക ലേബര്‍ ബാങ്ക് രൂപീകരിക്കും. കാര്‍ഷികം, ഐടി, മത്സ്യസംസ്‌കരണം, നിര്‍മ്മാണം, കച്ചവടം തുടങ്ങി കൂടുതല്‍ മേഖലകളില്‍ വ്യവസായബന്ധസമിതി രൂപീകരിക്കും.കൂട്ടായ വിലപേശല്‍ ശക്തിപ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനും 2010ലെ റെക്കഗ്‌നിഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ നിയമം എല്ലാ മേഖലയിലും നടപ്പാക്കും. ചുമട്ടുതൊഴിലാളിക്ഷേമപദ്ധതി കുടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ചുമട്ടുതൊഴിലാളി രജിസ്‌ട്രേഷന്‍ ആധാര്‍ അധിഷ്ഠിതമാക്കും.
അതിഥി(ഇതരസംസ്ഥാന)തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച ആവാസ്, അപ്‌നാഘര്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ഊര്‍ജ്ജിതമായി നടപ്പാക്കും.
തൊഴില്‍നൈപുണ്യം നേടുന്നവര്‍ക്ക് വിദേശരാജ്യങ്ങളില്‍ തൊഴില്‍കണ്ടെത്തുന്നതിന് ഒഡെപെക് വഴി ഏകജാലകസംവിധാനം രൂപപ്പെടുത്തും. വിദേശ തൊഴില്‍റിക്രൂട്ട്‌മെന്റ് സാധ്യത വര്‍ധിപ്പിക്കും.
സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടത്തേണ്ട നിയമനങ്ങള്‍ ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം നടത്തും.
ഇന്റര്‍നെറ്റ് അധിഷ്ഠിത സൗകര്യങ്ങളിലൂടെ ഫാ്കടറികളിലെ അപകടസാധ്യത നിരീക്ഷിക്കുന്നതിന് സംവിധാനം ഒരുക്കും. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഫാക്ടറി പരിശോധനാനടപടികള്‍ കര്‍ശനമാക്കും. 13-ാം പദ്ധതി അവസാനത്തോടെ അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍നൈപുണ്യ പരിശീലനം ലഭ്യമാക്കും. ഐടിഐ ഇല്ലാത്ത ബ്ലോക്കുകളില്‍ പുതിയ ഐടിഐ തുടങ്ങാന്‍ നടപടിയെടുക്കും. കാലഹരണപെട്ട ട്രേഡുകള്‍ നിര്‍ത്തലാക്കി ആഗോളതലത്തിലെ അവസരങ്ങള്‍ കണ്ടറിഞ്ഞ് പുതിയ ട്രേഡുകള്‍ ആരംഭിക്കും. പഠനനിലവാരം പുലര്‍ത്തുന്ന ഐടിഐ വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉന്നതപരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കും.
സൂക്ഷ്മ-ചെറുകിട, ഇടത്തരം, പരമ്പരാഗത വ്യവസായ    മേഖലകളില്‍ വിദഗ്ധ-അവിദഗ്ധ തൊഴിലാളികളുടെ കുറവ് നികത്തുന്നതിന് വ്യവസായപരിശീലന വകുപ്പ്, കേരള അക്കാദമി ഫോര്‍  സ്‌കില്‍  എക്‌സലന്‍സ്, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയുമായി ചേര്‍ന്ന് ലേബര്‍ ബാങ്ക് വികസിപ്പിക്കും. പുതിയ മേഖലകളില്‍ വ്യവസായസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ടെക്‌നോസിറ്റിയില്‍ കെയ്‌സിന്റെ കൈവശമുള്ള അഞ്ച് ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തി ഇന്റഗ്രേറ്റഡ് സ്‌കില്‍പാര്‍ക്കും വേള്‍ഡ് സ്‌കില്‍ ലൈസിയവും സ്ഥാപിക്കും. കിഫ്ബി സഹായത്തോടെ ഏവിയേഷന്‍ അക്കാദമി സ്ഥാപിക്കാന്‍ നടപടി  സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.