ആലപ്പുഴ: 96 കാരിയായ മേരിക്ക് കഴിഞ്ഞ തവണ വോട്ട് ചെയ്യാന്‍ ‍ കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതയില്‍ പോളിങ് ബൂത്ത് വരെ പോകാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇത്തവണ മേരിക്ക് വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം ഒരുക്കിയിരിക്കുകയാണ്. 80 കഴിഞ്ഞവര്‍ക്ക് ഇത്തവണ പോസ്റ്റല്‍ ബാലറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസന്നിഹിതരായ‍ സമ്മതിദായകര്‍ക്കുള്ള അപേക്ഷാ ഫോം (12ഡി) പാതിരപ്പള്ളിയിലെ കുമരച്ചന്‍കാടുള്ള വീട്ടിലെത്തി വെള്ളിയാഴ്ച രാവിലെ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ മേരിക്ക് കൈമാറി. വീടിനുള്ളിലെത്തിയ കളക്ടറെ കണ്ട് തെല്ലൊന്ന് ശങ്കയില്‍ നിന്ന മേരിയോട് തന്നെ അറിയുമോ എന്ന കളക്ടറുടെ ചോദ്യത്തിന് ഉടന്‍ മറുപടിയെത്തി. തന്റെ മൂത്ത മകനാണെന്ന മറുപടി എല്ലാരിലും ചിരിപടര്‍ത്തി. ഇത്തവണ വോട്ട് ചെയ്യണമെന്നും പോസ്റ്റലായി ചെയ്യാനുള്ള സൗകര്യമുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഫോം കളക്ടറില്‍ നിന്ന് മേരി ഒപ്പിട്ട് വാങ്ങുകയും ചെയ്തു. 12 മക്കളുള്ള മേരിയുടെ മക്കളില്‍ നാല് പെണ്ണും ഒരാണുമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. ശാരീരി അസ്വസ്ഥതകളുണ്ടെങ്കിലും നടക്കാനും സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനും മേരിക്ക് തന്നെ കഴിയും. ഇളയ മകള്‍ കുഞ്ഞുമോള്‍ പോളിനൊപ്പമാണ് ഇപ്പോള്‍ മേരിയുടെ താമസം. ഷുഗറും പ്രഷറും കൊളസ്ട്രോളുമെല്ലാമുണ്ടെങ്കിലും പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തുമെന്ന് മേരി കളക്ടറോട് പറഞ്ഞു. ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മേരി. 80 വയസ്സിന് മുകളില്‍ പ്രായമായ മുതിര്‍ന്ന വോട്ടര്‍മാര് ‍, വോട്ടര്‍ പട്ടികയില്‍ ഭിന്നശേഷിക്കാര്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവര്‍, കോവിഡ് രോഗികള്‍/ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.