സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പ്ലസ്ടു മേഖലയെ മാറ്റണമെന്നും സെക്കന്ററി ഹയര്‍സെക്കന്ററി മേഖലകള്‍ ഏകീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അധ്യയന ദിവസങ്ങള്‍ 200 ആക്കാന്‍ കൂട്ടായ  പരിശ്രമമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടുതലായി വരുമ്പോള്‍ വിദ്യാലയങ്ങളില്‍ ആവശ്യമായ സൗകര്യമൊരുക്കുവാന്‍ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശം വന്നിട്ടുണ്ട്.  അക്കാര്യം തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തും.  വിദ്യാഭ്യാസ മാസ്റ്റര്‍ പ്ലാന്‍ പ്രാവര്‍ത്തികമാക്കാന്‍ ഓരോ സ്‌കൂളിലും ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കണം.  കലാകായിക അധ്യാപരുടെ കാര്യത്തില്‍ കുറെക്കൂടിമെച്ചപ്പെട്ട സാഹചര്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുയോജ്യ നടപടി സ്വീകരിക്കും.  സര്‍ക്കാര്‍ തലത്തില്‍ പ്രീ പ്രൈമറി മേഖല വ്യാപകമാക്കുന്നതിന് പ്രത്യേക പരിഗണ നല്‍കും.
എയ്ഡഡ് മേഖലയ്ക്ക്  ഗവണ്‍മെന്റ് എയ്ഡഡ് എന്ന പേര് നല്‍കണമെന്ന അധ്യാപരുടെ നിര്‍ദേശം പരിഗണിക്കും.  അക്കാദമിക് തലത്തില്‍ എയ്ഡഡ് മേഖലയെ മാറ്റീ നിര്‍ത്തില്ല. അധ്യാപകരുടെ വേതന പരിഷ്‌കരണത്തോട് സരക്കാരിന് അനുഭാവപൂര്‍ണ്ണമായ നിലപാടാണ്.
അധ്യാപക സമൂഹത്തോട് സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായ ദ്രോഹ നടപടികള്‍ സ്വീകരിക്കില്ല.  അധ്യാപകരുടെ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച പരാതികള്‍ പരിശോധിക്കും.  പ്രീ പ്രൈമറി കുട്ടികള്‍ക്കുളള ആക്ടിവിറ്റി പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ഉടന്‍ വിതരണം ചെയ്യും.  ഹയര്‍സെക്കണ്ടറി അധ്യാപകരുടെ സ്ഥലമാറ്റ നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനും നിലവാരം ഉയര്‍ത്താനും സര്‍ക്കാര്‍ എടുത്ത നടപടികളെ അധ്യാപക സംഘടനകള്‍ പൊതുവെ അഭിനന്ദിച്ചു.  തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ പിന്തുണ ഉറപ്പു നല്‍കി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു.