കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതും കാര്യക്ഷമമവുമായി നടത്താന്‍ എല്ലാ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്താന്‍ നടത്തിയ യോഗത്തിലാണ് നിര്‍ദ്ദേശം. ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരമാവധി വോട്ടര്‍മാരിലേക്ക് എത്തുന്ന ബോധവത്കരണ പരിപാടികള്‍ നടത്തണം. പോളിംഗ് സ്റ്റേഷനുകള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തണം. വരണാധികാരികളാണ് ഇതു നിര്‍വഹിക്കേണ്ടത്.

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഇ. ആര്‍. ഒ നെറ്റ് വഴി ലഭിക്കുന്ന അപേക്ഷകളില്‍ സമയബന്ധിതമായി നടപടിക്രമം പൂര്‍ത്തിയാക്കണം. വീഴ്ച വരുത്തുന്നതിനെതിരെ നടപടി സ്വീകരിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളും അടിയന്തരമായി വൃത്തിയാക്കണം. എസ്. പി. സി., എന്‍. സി. സി., എന്‍. എസ്. എസ്. വിദ്യാര്‍ഥികളെ സ്‌പെഷ്യല്‍ പൊലിസ് ഓഫീസര്‍മാരായി നിയോഗിക്കുന്നതിന് അവരുടെ പട്ടിക ശേഖരിച്ച് ജില്ലാ പൊലിസ് മേധാവികള്‍ക്ക് കൈമാറണം. കോവിഡ് പ്രതിരോധ മരുന്ന് ഇതുവരെ സ്വീകരിക്കാത്തവര്‍ സ്‌പെഷ്യല്‍ ഡ്രൈവ് പ്രോഗ്രാം വഴി നേടണം.

എല്ലാ വരണാധികാരികളും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം വിളിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വിശദീകരിക്കണം. വരവ്-ചിലവ് കണക്ക് സംബന്ധിച്ച യോഗം ഫിനാന്‍സ് ഓഫീസറാണ് നടത്തേണ്ടത്. മാതൃകാ പെരുമാറ്റചട്ടം പാലിക്കുന്നതിന്റ ഭാഗമായി പൊതുഇടങ്ങളിലെ പോസ്റ്റര്‍, ബാനര്‍, കോടിതോരണങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നത് തുടരണം. ഇതു സംബന്ധിച്ച ദൈനംദിന റിപോര്‍ട്ടും നല്‍കണം. എക്‌സ്‌പെന്‍ഡിച്ചര്‍-മീഡിയ മോണിറ്ററിംഗ് തുടങ്ങിയവ സംബന്ധിച്ചും പ്രതിദിന വിവരം കൈമാറണം.

80 വയസ്സിലധികമുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 12ഡി ആപ്ലിക്കേഷന്‍ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരാണ് നല്‍കേണ്ടത്. സെക്ടറല്‍ ഓഫീസര്‍മാര്‍ വില്ലേജ് തലത്തിലും സോണല്‍ ഓഫീസര്‍മാര്‍ നിയോജക മണ്ഡലാടിസ്ഥാനത്തിലും ഈ നടപടിക്ക് മേല്‍നോട്ടം വഹിക്കണം. വരണാധികാരികള്‍ക്കാണ് പൊതുചുമതല. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് 12ഡി ഫോം നല്‍കുന്നതിനും തയ്യാറെടുപ്പുകള്‍ നടത്തണം. തപാല്‍ ബാലറ്റ് വിതരണത്തിനുള്ള നടപടികളും പൂര്‍ത്തിയാക്കണം.

സർവീസ് വോട്ടര്‍മാരുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം. വെബ്കാസ്റ്റിംഗ് ഉറപ്പാക്കുന്നതിന് ഇന്റര്‍നെറ്റ് ലഭ്യത ബി. എസ്. എന്‍. എല്‍ വഴി സജ്ജമാക്കണം. വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ക്രമീകരണങ്ങളും അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണം. പോളിംഗ്-സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് ആവശ്യമായ വാഹനങ്ങളുടെ പട്ടികയും തയ്യാറാക്കണം. എല്ലാ വരണാധികാരികളും എല്‍. എ. സി.- സെക്ടറല്‍-റൂട്ട് മാപ്പുകള്‍ തയ്യാറാക്കണം.

വോട്ടര്‍ പട്ടികയിലെ വി. ഐ. പി., പി. ഡബ്‌ള്യു. ഡി വോട്ടര്‍മാരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കി നടപടി പൂര്‍ത്തിയാക്കണം. പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട സി-വിജില്‍ ആപ്പ് സംബന്ധിച്ച അവബോധം എല്ലാ നോഡല്‍-ഇലക്ട്രല്‍ ഓഫീസര്‍മാരും നേടണം എന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പൊലിസ് മേധാവിമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍, നോഡല്‍-രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.