എറണാകുളം: അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാവിധ സംരക്ഷണവും ഒരു കുടക്കീഴില്‍ ഒരുക്കുന്ന ‘സഖി’ വണ്‍സ്റ്റോപ്പ് സെന്‍റെര്‍ ജില്ലയിൽ പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ ഇരയാകുന്നവര്‍ക്ക് അടിയന്തര അഭയം ഒരുക്കുക, അവര്‍ക്കാവശ്യമായ വൈദ്യ സഹായം, കൗണ്‍സിലിംഗ്, പോലീസ് സഹായം, നിയമസഹായം എന്നിവ ഒരുകേന്ദ്രത്തില്‍ ഒരുക്കുന്നതാണ് സഖി വണ്‍സ്റ്റോപ്പ് സെന്‍റെര്‍.
വനിതാ ശിശുവികസന വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോം ക്യാമ്പസിലാണ് വണ്‍ സ്റ്റോപ്പ് സെന്‍റെര്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും സെന്റെറിന്റ സേവനം ലഭ്യമാണ്.

ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പ്രേംന മനോജ് ശങ്കര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വികസന കമ്മീഷ്ണര്‍ അഫ്സാന പര്‍വീണ്‍ സെന്‍റെര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ദീപ എം.എസ്, ജില്ലാ ജ‍ഡ്ജി നിസാര്‍ അഹമ്മദ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുബൈര്‍ കെ.കെ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജെ. മായാലക്ഷ്മി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സിനി കെ.എസ്, ഷംനാദ് വി.എ, സഖി സെന്‍റെര്‍ അഡ്മിനിസ്ട്രേറ്റര്‍ ഷിനു മാഴ്സൺ എന്നിവർ സന്നിഹിതരായിരുന്നു.