ആലപ്പുഴ: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പിന്‍വലിയാതെ തങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു അവസരങ്ങളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ സ്ത്രീകള്‍ക്കാവണമെന്ന് സബ് കളക്ടര്‍ എസ്. ഇലക്യ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ജില്ലാ ഭരണകൂടവും സെന്റ്. ജോസഫ്‌സ് വനിതാ കോളേജും ചേര്‍ന്ന് സ്വീപ്പിന്റെ ഭാഗമായി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു സബ് കളക്ടര്‍.

ലഭിക്കുന്ന അവസരങ്ങള്‍ എങ്ങനെ കൃത്യമായി പ്രയോജനപ്പെടുത്തുന്നു എന്നതിലാണ് വനിതകള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് കൂടുതലായി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എല്ലാവരും നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകണമെന്നും രാഷ്ട്രീയം, ജനാധിപത്യം തുടങ്ങിയ മേഖലകള്‍ സ്ത്രീകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളാണെന്നുള്ള ധാരണ മാറ്റണമെന്നും അവര്‍ പറഞ്ഞു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളായ മിനി ആന്റണി, കാര്‍ത്യായനി അമ്മ, ഡോ. ടെസ്സി തോമസ്, എസ്. ഇലക്യ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് ദിവസത്തെ ഓര്‍മപ്പെടുത്തുന്ന സേവ് ദ ഡേറ്റ് പോസ്റ്ററും ചടങ്ങില്‍ വെച്ച് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റീത്ത ലതക്ക് കൈമാറി സബ്ബ് കളക്ടര്‍ പ്രകാശനം ചെയ്തു. സ്വീപ്പിന്റെ ഭാഗമായി വോട്ടിംഗ് മെഷീന്‍ വി. വി. പാറ്റ് എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി.

ജില്ലയിലെ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫോട്ടോ എക്സിബിഷനും കോളേജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സ്വീപ് നോഡല്‍ ഓഫീസറും ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമായ വി. പ്രദീപ് കുമാര്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ. വി. എസ്. സുലീന, തുഷാര ബിന്ദു, മഞ്ജുഷ, ഗീത, ജ്യോതിലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.