ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് വഴി പ്രചാരണം നടത്തുന്നതിനായി മുന്‍കൂര്‍ അനുമതി വാങ്ങണം. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മൈക്ക്, ഉച്ചഭാഷിണി വഴിയുള്ള പ്രചാരണങ്ങള്‍ക്ക് അനുമതി നല്‍കുക.
സ്ഥാനാര്‍ത്ഥികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ ആപ്പ് വഴി മൈക്ക്, ഉച്ചഭാഷണി തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രചാരണ അനുമതിക്കായി അപേക്ഷിക്കാം. ആപ്പില്‍ അതത് നിയോജക മണ്ഡലങ്ങളുടെയും, പോലീസ് സ്റ്റേഷനുകളുടെയും പേരുകള്‍ രേഖപ്പെടുത്താനുള്ള സ്ഥലം നല്‍കിയിട്ടുണ്ട്. ഓരോ നിയോജക മണ്ഡലങ്ങളിലെയും ബന്ധപ്പെട്ട വരണാധികാരികള്‍ അപേക്ഷ പരിഗണിച്ചു അതാത് നിയോജക മണ്ഡല പരിധിയിലെ പോലീസ് സ്റ്റേഷനിലേക്ക് അപേക്ഷകള്‍ അയക്കും. അപേക്ഷകള്‍ ബന്ധപ്പെട്ട പോലീസ് മേധാവികള്‍ പരിശോധിച്ച് നിശ്ചിത സ്ഥലങ്ങള്‍ കണ്ടെത്തി വരണാധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാകും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൈക്ക് ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണത്തിന് അനുമതി നല്‍കുക.
അടച്ചു കെട്ടിയുള്ള ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് മുറികള്‍, കമ്മ്യൂണിറ്റി ഹാള്‍, സദ്യാലയങ്ങള്‍ എന്നിവ ഒഴികെ മറ്റൊരിടത്തും രാത്രി 10 മണിക്ക് ശേഷവും രാവിലെ ആറുമണിക്ക് മുന്‍പും ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പൊതു ഓഫീസുകള്‍, വന്യജീവി സങ്കേതം, സിനിമ തീയറ്റര്‍ എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ ഉച്ച ഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
ജന സഞ്ചാരമുള്ള പൊതുനിരത്തുകളില്‍ ഗതാഗതത്തിന് അസൗകര്യമുണ്ടാക്കുന്ന രീതിയിലും പൊതുജനത്തിന് അരോചകമാകും വിധത്തിലും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്. ബോക്‌സ് ആകൃതിയിലുള്ള ഉച്ചഭാഷിണി മാത്രമേ പ്രവര്‍ത്തിപ്പിക്കുവൂ. ഒരു ബോക്‌സില്‍ രണ്ടില്‍ കൂടുതല്‍ ഉച്ചഭാഷിണികള്‍ ഘടിപ്പിക്കരുത്. അനുവദിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ ആ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രം കേള്‍ക്കുന്ന വിധം ക്രമീകരിക്കണം. വ്യവസായ മേഖലകളില്‍ പകല്‍ 75 ഡെസിബല്‍, രാത്രി 70 ഡെസിബല്‍, വാണിജ്യ മേഖലകളില്‍ പകല്‍ 35 ഡെസിബല്‍, രാത്രി 33 ഡെസിബല്‍, ആവാസ മേഖലകളില്‍ പകല്‍ 55 ഡെസിബല്‍, രാത്രി 45 ഡെസിബല്‍ എന്ന തോതില്‍ മാത്രമേ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുവൂ.
അനുമതിയുടെ അടിസ്ഥാനത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം ക്രമസമാധാന ലംഘനം, ശബ്ദമലിനീകരണം, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്ന സാഹചര്യത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് നല്‍കിയിട്ടുള്ള ലൈസന്‍സ് പിന്‍വലിക്കുകയും, മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കോവിഡ് മാനദണ്ഡപ്രകാരമേ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂ.