നാട്ടില്‍ ഫ്‌ളക്‌സ് നിരോധിച്ചല്ലോ… അപ്പോള്‍ ഇവിടെക്കാണുന്ന ഫ്‌ളക്‌സുകള്‍ എന്തു ചെയ്യും? പൊതുവിദ്യാലയങ്ങളെ രക്ഷിക്കാന്‍ എന്തൊക്കെയാണ് ചെയ്യുന്നത്? ഗോത്രവര്‍ഗ വിഭാഗത്തിലെ കുട്ടികളെ പഠനത്തില്‍ സഹായിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ? ഭാവിയിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒരു സത്യാന്വേഷണത്തിന്റെ ഉള്‍ക്കരുത്തുണ്ടായിരുന്നു. കേരള മീഡിയ അക്കാദമിയും വയനാട് പ്രസ് ക്ലബ്ബും ചേര്‍ന്ന് കല്‍പ്പറ്റയില്‍ ഒരുക്കിയ മാധ്യമ പഠന ക്യാമ്പിലെ വിദ്യാര്‍ത്ഥികളാണ് ജനകീയ പ്രശ്‌നങ്ങള്‍ അറിയാനായി ചോദ്യങ്ങളുമായി രംഗത്തിറങ്ങിയത്.പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ നടപ്പാക്കുന്ന പദ്ധതി, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയെ സചിത്ര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനായി ക്യാമ്പംഗങ്ങള്‍ നഗരസഭാ ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിലെത്തി. ഭരണ കര്‍ത്താക്കളെയും ഉദ്യോഗസ്ഥരെയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചു.നിര്‍മ്മാണം പൂര്‍ത്തിയായി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ജില്ലാ കോടതി സമുച്ചയത്തിലും കുട്ടികള്‍ എത്തി.
മൂന്നു ദിവസത്തെ ക്യാമ്പില്‍ കുട്ടികള്‍ തന്നെ തയ്യാറാക്കുന്ന പത്രത്തിനു വേണ്ടിയായിരുന്നു. റിപ്പോര്‍ട്ടിങ്ങ്. ‘കുട്ടിപ്പത്രം’ ഇറക്കാനുള്ള ഒരുക്കത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍.ചിലര്‍ ലേഖനമെഴുതി. ഒരാള്‍ മുഖപ്രസംഗം തയ്യാറാക്കി. രണ്ടു പേര്‍ കാര്‍ട്ടൂണ്‍ വരച്ചു.ഒരു ഫോട്ടോ ഫീച്ചറും തയ്യാറായി. വയനാടിനോട് ഹൃദയബന്ധമുള്ള കബനി എന്ന പേരാണ് വിദ്യാര്‍ത്ഥികള്‍ കുട്ടിപ്പത്രത്തിനായി തിരഞ്ഞെടുത്തത്. പത്രം ഇന്ന് പ്രകാശനം ചെയ്യും. മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മാധ്യമ പ്രവര്‍ത്തകന്‍ പി.വി.മുരുകന്‍, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കെ.ഉണ്ണികൃഷ്ണന്‍, മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ.ടി.ശേഖര്‍ എന്നിവര്‍ ഉണ്ടായിരുന്നു. ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ത്രിദിന ക്യാമ്പിന്റെ രണ്ടാം ദിവസം ശ്രദ്ധേയമായത് കേരളം ചര്‍ച്ച ചെയ്ത പ്രശസ്തമായ ഫോട്ടോകളായിരുന്നു.പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി.മുസ്തഫയാണ് ഫോട്ടോഗ്രാഫിയെ കുറിച്ച് കുട്ടികളോട് സംസാരിച്ചത്. കേരളകൗമുദിയിലെയും മലയാള മനോരമയിലെയും തന്റെ തൊഴില്‍ ജീവിതത്തില്‍ എടുത്ത ശ്രദ്ധേയമായ ഫോട്ടോകളും കുട്ടികള്‍ക്കായി കാണിച്ചു. സമാപന ദിനമായ വെള്ളിയാഴ്ച നവ മാധ്യമങ്ങളെ കുറിച്ച് ജയകുമാര്‍ ക്ലാസ് എടുക്കും.ക്യാമ്പ് സമാപന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍സണ്‍ സനിത ജഗദീഷ് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യും.ഒ.കെ.ജോണി കുട്ടികളുമായി സംവദിക്കും.