കോട്ടയം: സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം. അഞ്ജന പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം പ്രസ് ക്ലബ്ബും ചേര്‍ന്ന് മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
തിരഞ്ഞെടുപ്പിൻ്റെ ഓരോ ഘട്ടത്തിലും നടക്കുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുണ്ട്. സ്വതന്ത്രമായി വോട്ടു രേഖപ്പെടുത്താന്‍ വോട്ടര്‍മാരെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടലാണ് മാധ്യമങ്ങളില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്-കളക്ടര്‍ പറഞ്ഞു.
മാധ്യമ പ്രവർത്തകർക്ക് തപാൽ വോട്ട് ചെയ്യുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ കളക്ടർ വിശദീകരിച്ചു. വോട്ടർ ബോധവത്ക്കരണ പരിപാടിയായ സ്വീപിന്‍റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
തിരഞ്ഞെടുപ്പും മാധ്യമങ്ങളും എന്ന വിഷയത്തിൽ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.എ അമാനത്ത് ക്ലാസെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ കുന്നത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, സ്വീപ് നോഡൽ ഓഫീസർ അശോക് അലക്സ് ലൂക്ക്, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ്, പ്രസ് ക്ലബ് സെക്രട്ടറി എസ്. സനിൽ കുമാർ എന്നിവര്‍ സംസാരിച്ചു.